ആരെയും കണ്ണീർ കുടിപ്പിച്ചില്ല; കണ്ണീരൊപ്പി : വെള്ളാപ്പള്ളി
സുൽത്താൻ ബത്തേരി : താൻ ആരുടെയും കണ്ണീർ കുടിക്കുകയോ കുടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ,പാവങ്ങളുടെ കണ്ണീരൊപ്പുക മാത്രമാണ് ചെയ്തതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുൽത്താൻ ബത്തേരിയിൽ നടന്ന യോഗം ശാഖാ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ തിരുത്തിയാണ് മുന്നോട്ടു പോകുന്നത്. പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടിയാണ് തന്റെ പ്രവർത്തനം. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഏറെ പിന്നാക്കം നിന്ന സമുദായത്തെ മുന്നേറ്റ നിരയിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് യോഗ നേതൃത്വത്തിലിരുന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചത്. വിശക്കുന്നതിന് പ്രാർത്ഥിച്ചിട്ട് കാര്യമില്ല. ദാരിദ്യവും ദുഖവും ഇല്ലാതാക്കിയിട്ട് വേണം ആത്മീയതയിലേയ്ക്ക് പോകാൻ. അതിന് വേണ്ടിയാണ് മൈക്രോഫിനാൻസ് കൊണ്ടുവന്നത്. ഇത് വിരലിലെണ്ണാവുന്ന ചിലർ ദുർവിനിയോഗം ചെയ്തു. അവരാണ് ഇപ്പോൾ യോഗ നേതൃത്വത്തെ തെറി പറഞ്ഞ് നടക്കുന്നത്. മറ്റ് സമുദായങ്ങൾ അവരുടെയുള്ളിൽ എന്തെല്ലാം വിദ്വേഷമുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ ഒറ്റക്കെട്ടായി നിലകൊള്ളും. ഇനിയെങ്കിലും നാം ഒന്നായി നിന്നില്ലെങ്കിൽ എല്ലാ മേഖലകളിൽ നിന്നും പിന്തള്ളപ്പെട്ട് പോകും. എം.പിമാരെ നോമിനേറ്റ് ചെയ്യുന്ന കാര്യത്തിൽ പോലും ഈഴവ സമുദായം തഴയപ്പെട്ടു .എസ്.എൻ.ഡി.പി യോഗം ഒരു സമര സംഘടനയാണ് .അർഹതപ്പെട്ട അധികാരങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനും ,വിവേചനങ്ങൾക്കെതിരെയും പ്രക്ഷോഭം നയിച്ചു കൊണ്ടായിരുന്നു യോഗത്തിന്റെ തുടക്കം. ഇത് തകർക്കാൻ പലരും മുന്നോട്ട് വന്നെങ്കിലും യോഗത്തിന്റെ അജയ്യ ശക്തിക്ക് മുന്നിൽ മുട്ടു മടക്കേണ്ടി വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. കൽപ്പറ്റ യൂണിയൻ സെക്രട്ടറി എം. മോഹനൻ ഉപഹാര സമർപ്പണം നടത്തി. സുൽത്താൻ ബത്തേരി യൂണിയൻ കൺവീനർ എൻ.കെ. ഷാജി സ്വാഗതവും നീലഗിരി യൂണിയൻ സെക്രട്ടറി പി.വി. ബിന്ദുരാജ് നന്ദിയും പറഞ്ഞു.