ജില്ലാ ആശുപത്രിയിൽ  ലിഫ്ട് പണിമുടക്കിയിട്ട് 2 വർഷം

Monday 06 October 2025 12:29 AM IST

കൊല്ലം: ജില്ലാ ആശുപത്രിയിൽ സർജറിക്ക് ശേഷം രോഗികളെ നിരീക്ഷണത്തിനായി മാറ്റുന്ന എസ്.ഐ.സി.യുവിലേക്ക് പോകാൻ ഉപയോഗിക്കുന്ന ലിഫ്ട് രണ്ട് വർഷമായി പണിമുടക്കിൽ. ഓപ്പറേഷൻ തീയേറ്ററിനോട് ചേർന്നുള്ള ലിഫ്ടാണ് പ്രവർത്തനരഹിതമായത്.

നിലവിൽ സർജറി കഴിഞ്ഞ രോഗികളെ ഒന്നാം നിലയിൽ നിന്ന് മുകളിലെ എസ്.ഐ.സി.യുവിലേക്ക് മെയിൻ ലിഫ്ട് വഴിയാണ് എത്തിക്കുന്നത്. ലിഫ്ടിൽ മൂന്നാംനിലയിൽ ഉൾപ്പടെ പോകാൻ ആളുണ്ടെങ്കിൽ അവർ ഇറങ്ങി ലിഫ്ട് തിരികെയെത്തുന്നതുവരെ സങ്കീർണമായ സർജറികൾ ഉൾപ്പടെ പൂർത്തിയാക്കിയവരുമായി കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

ആളുകൾ ആഹാരം കഴിയുന്നത് ലിഫ്ട് പ്രവർത്തിക്കുന്നതിന് സമീപത്താണ്. ആശുപത്രി ജീവനക്കാരും രോഗികളെ സന്ദർശിക്കാനെത്തുന്നവരും ഉൾപ്പടെ പൊതുവായി ഉപയോഗിക്കുന്ന ലിഫ്ടിലൂടെ ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ കൊണ്ടുപോകുന്നത് അണുബാധയ്ക്ക് ഇടയാക്കാം. പലപ്പോഴും ഇതേച്ചൊല്ലി ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും തമ്മിൽ തർക്കങ്ങളും പതിവാണ്. രോഗികളെ കൈയിൽ ചുമന്നുകൊണ്ട് പോയ സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ക്ലീനിംഗിന് ശേഷം വാർഡുകളിൽ നിന്നുള്ള മാലിന്യങ്ങളും കഴുകാനുള്ള ഷീറ്റുകളുമെല്ലാം ഈ ലിഫ്ടിലൂടെയാണ് കൊണ്ടുപോകുന്നത്. പോസ്റ്റ് സർജറിക്കൽ വാർഡിൽ അണുബാധ സാദ്ധ്യത കണക്കിലെടുത്ത് കർശന നിയന്ത്രണം നടപ്പാക്കുമ്പോഴാണ് ഇത്തരത്തിൽ അശ്രദ്ധമായി സർജറി കഴിഞ്ഞവരെ പൊതു ലിഫ്ടിൽ കൊണ്ടുപോകുന്നത്.

പ്ളാനില്ലാത്തത് പണിയായി

 ലിഫ്ട് പ്രവർത്തിക്കുന്നത് വളരെ പഴക്കം ചെന്ന കെട്ടിടത്തിൽ

 നിലവിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ലൈസൻസ് വേണം

 കെട്ടിടത്തിന്റെ പ്ലാൻ ഉണ്ടെങ്കിലേ ലൈസൻസ് ലഭിക്കൂ

 ഇതാണ് അറ്റകുറ്റപ്പണി നീളാൻ കാരണം

ഉയരുന്ന മറ്റ് പരാതികൾ

 കക്കൂസ് മാലിന്യം മെയിൻഗേറ്റിന് പുറത്തുള്ള മാൻഹോളിൽ പൊട്ടിയൊഴുകുന്നു  ഒ.പി സംവിധാനം കാര്യക്ഷമമല്ല  2019 ൽ അപകടത്തിൽപ്പെട്ട ആംബുലൻസ് നന്നാക്കാതെ നശിക്കുന്നു  21 സെക്യുരിറ്റി ജീവനക്കാർ വേണ്ടിടത്ത് 15 പേർ  കാലാവധി കഴിഞ്ഞ് പോകുന്ന തെറാപ്പിസ്റ്റുകൾക്ക് പകരം നിയമനം വൈകുന്നു

ആശുപത്രിയിലെ അനാസ്ഥകൾ പരിഹരിച്ച് രോഗികളുടെ ജീവൻ സുരക്ഷിതമാക്കണം.

ബി.രാജു, ജനറൽ സെക്രട്ടറി, കേരള ഗവ. ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ, എ.ഐ.ടി.യു.സി

വളരെ പഴക്കം ചെന്ന കെട്ടിടത്തിന്റെ പ്ലാൻ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഡോ.പ്ലാസ, ജില്ലാ ആശുപത്രി സൂപ്രണ്ട്