ചെമ്പെന്ന നിലപാട് മാറി: അന്നത്തേത് സ്വർണം പൂശിയത് ആകാമെന്ന് മുൻ പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആദ്യ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. 2019ൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിയെടുത്ത പാളികൾ സ്വർണം പൂശിയതായിരിക്കാമെന്ന് ഇന്നലെ വ്യക്തമാക്കി. വെറും ചെമ്പുപാളികൾ എന്നതായിരുന്നു കഴിഞ്ഞ ദിവസംവരെ സ്വീകരിച്ചിരുന്ന നിലപാട്.
ദ്വാരപാലക ശില്പങ്ങൾ അടക്കം 1999ൽ വ്യവസായി വിജയ് മല്യയുടെ ചെലവിൽ സ്വർണം പൊതിഞ്ഞതിന്റെ മഹസർ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് നിലപാട് മാറ്റിയത്. എന്നാൽ, സ്വർണം ഇപ്പോഴത്തെ വിവാദങ്ങളിൽ പറയുന്നത്ര അളവിൽ പൂശിയിട്ടുണ്ടാവില്ലെന്നും വിശദീകരിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവില്ലെന്നും തന്റെ ഭരണകാലത്ത് ക്രമക്കേട് നടന്നിട്ടില്ലെന്നും പത്മകുമാർ അവകാശപ്പെട്ടു. എന്നാൽ, 40വർഷം ഗ്യാരന്റി നൽകി സ്വർണം പൂശിയ ദ്വാരപാലക ശില്പത്തിന്റെ പീഠം ഒരു വർഷം കഴിയും മുമ്പ് മങ്ങിത്തുടങ്ങിയതിന്റെ കാരണവും ക്രമക്കേടും അന്നത്തെ ബോർഡ് അന്വേഷിക്കാതിരുന്നത് ചോദ്യചിഹ്നമായി നിൽപ്പുണ്ട്. പകരം സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയിക്കുകയാണ് ചെയ്തത്. കൊവിഡ് കാലമായതിനാൽ പോറ്റി മൂന്ന് പവൻ സ്വർണം ഉപയോഗിച്ച് പുതിയ രണ്ട് പീഠം നിർമ്മിച്ച് സഹായിവഴി എത്തിച്ച് നടയ്ക്കുവച്ചു. വലിപ്പം കൂടുതലായിരുന്നതിനാൽ സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയെന്നും പത്മകുമാർ വെളിപ്പെടുത്തിയിരുന്നു. വിജിലൻസ് പരിശോധനയിൽ ഇവ സ്ട്രോംഗ് റൂമിൽ ഇല്ലെന്ന് ബോധ്യമായെന്ന് മാത്രമല്ല. പിന്നീട് പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നാണ് കണ്ടെടുത്തത്.