എ.രാമചന്ദ്രൻ മതേതര മൂല്യങ്ങൾക്കായി നിലകൊണ്ട കലാകാരൻ: മുഖ്യമന്ത്രി
കൊല്ലം: ചരിത്രത്തെ വക്രീകരിക്കാനും പുരോഗമനപരമായി ചിന്തിക്കുന്ന കലാകാരന്മാരുടെ സംഭാവനകളെ തമസ്കരിക്കാനും കലയെ വിദ്വേഷ പ്രചാരണത്തിനുള്ള ഉപാധിയാക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന കാലമാണിതെന്നും അജ്ഞതയുടെ ഇരുട്ടിനെ വകഞ്ഞുമാറ്റി സത്യങ്ങളെ വരും തലമുറയ്ക്ക് മനസിലാക്കി കൊടുക്കാനുള്ള ഉപാധിയായി മ്യൂസിയങ്ങൾ മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഒരുക്കിയ എ.രാമചന്ദ്രൻ മ്യൂസിയം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.രാമചന്ദ്രൻ മതേതര മൂല്യങ്ങൾക്കായി നിലകൊണ്ട കലാകാരനാണ്. ആധുനിക കലാസങ്കേതങ്ങളെ ചിത്രകലയുമായി സംയോജിപ്പിച്ച് അദ്ദേഹം വേറിട്ട ശൈലി രൂപപ്പെടുത്തി. കലാസ്വാദകർക്കും കലാപഠിതാക്കൾക്കും ഗവേഷണം നടത്താനും കൂടുതൽ മനസിലാക്കാൻ ഉതകുംവിധമുള്ള ഇടമായി ഇവിടം മാറും. ലോട്ടസ് പോണ്ട്, ഗാന്ധി പരമ്പര, ഇന്ത്യൻ മിനിയേച്ചർ, സ്റ്റാമ്പ് ഡിസൈനുകൾ, ഫോട്ടോഗ്രാഫുകൾ, സ്റ്റുഡിയോയിൽ ഉപയോഗിച്ച അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ അന്തർദേശീയ നിലവാരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കലാരംഗത്തെ കരുതലോടെ കാണുന്ന സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ചിത്രകലാ പാരമ്പര്യത്തെ പൊതുസമൂഹവുമായി കണ്ണി ചേർക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശില്പികളെ മന്ത്രി കെ.എൻ.ബാലഗോപാൽ ആദരിച്ചു. വാസ്തു ശില്പികളെയും കരാറുകാരെയും മന്ത്രി സജി ചെറിയാൻ ആദരിച്ചു. എ.രാമചന്ദ്രന്റെ ഭാര്യയും ചിത്രകാരിയുമായ ചമേലി രാമചന്ദ്രനെയും മക്കളായ രാഹുൽ രാമചന്ദ്രൻ, സുജാത രാമചന്ദ്രൻ എന്നിവരെയും മുൻ മന്ത്രി എം.എ.ബേബി ആദരിച്ചു. മെർക്കന്റയിസിംഗ് ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. എം.എൽ.എമാരായ എം.മുകേഷ് കാറ്റലോഗ് പ്രകാശനവും എം.നൗഷാദ് മ്യൂസിയം വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി രാമചന്ദ്രൻ -ചമേലി ദമ്പതികൾ രചിച്ച് കേരള ലളിതകലാ അക്കാദമിക്കുവേണ്ടി പി.സുധാകരൻ മലയാള പരിഭാഷ നിർവഹിച്ച അഞ്ച് പുസ്തകങ്ങളും പ്രകാശനം ചെയ്തു.
മേയർ ഹണി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ജില്ലാ കളക്ടർ എൻ.ദേവിദാസ്, സാംസ്കാരിക വകുപ്പ് സെക്രട്ടറിയും അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ഡോ. രാജൻ.എൻ.ഖോബ്രഗഡേ, ഡയറക്ടർ ദിവ്യ.എസ്.അയ്യർ, കേരള ലളിതകലാ അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത്, കേരള മ്യൂസിയം ഡയറക്ടർ ചന്ദ്രൻ പിള്ള, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, കേരള ലളിതകലാ അക്കാഡമി എക്സി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.