നടി സുകുമാരിയുടെ മ്യൂസിയവുമായി നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി

Monday 06 October 2025 12:44 AM IST

തിരുവനന്തപുരം: കാൽ നൂ​റ്റാണ്ടിലധികം മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ നടി സുകുമാരിയുടെ ഓർമ്മകൾ ഇനി നിഷ് കന്യാകുമാരിയിൽ നിറയും. നൂറുൽ ഇസ്ലാം സർവകലാശാല അങ്കണത്തിൽ ഏഴ് ഏക്കറിലാണ് മ്യൂസിയം ഒരുക്കുന്നത്. ഇതിനുപുറമേ ഏരീസ് ഗ്രൂപ്പിന്റെ 120 സീ​റ്റിംഗ് മൾട്ടിപ്ലസ് തിയേ​റ്റർ, ഡബ്ബിംഗ് ആൻഡ് എഡി​റ്റിംഗ് സ്യൂട്ട്, ട്യൂൺസ് ഇൻക്യുബേഷൻ സെന്റർ, വി.എഫ്.എക്സ്/ അനിമേഷൻ സ്റ്റുഡിയോ, അത്യാധുനിക പഠനമുറികൾ എന്നിവയും സജ്ജമാക്കും.

കലാരംഗത്ത് നടി സുകുമാരി നൽകിയ അതുല്യ സംഭാവനകൾക്കുള്ള ആദരമായാണ് സർവകലാശാലയുടെ ഈ ഉദ്യമം. സിനിമ, നാടകം, ടെലിവിഷൻ എന്നീ രംഗങ്ങളിൽ സുകുമാരി അവതരിപ്പിച്ച വേഷങ്ങൾ, പത്മശ്രീ ഉൾപ്പെടെയുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ, ഓർമ്മച്ചിത്രങ്ങൾ, വ്യക്തിഗത വസ്തുക്കൾ തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. സുകുമാരി സ്‌കൂൾ ഒഫ് മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജിയിൽ ഫിലിം മേക്കിംഗ്, അനിമേഷൻ ആൻഡ് ഡിജി​റ്റൽ ഡിസൈൻ, എഡി​റ്റിംഗ് ആൻഡ് സൗണ്ട് ഡിസൈൻ ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങി ബിരുദ, ബിരുദാനന്തര കോഴ്സുകൾ സർവകലാശാലയിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

നടൻ മമ്മൂട്ടി തറക്കല്ലിട്ട മ്യൂസിയത്തിന്റെ ഒന്നാംഘട്ട പ്രവർത്തനവും അത്യാധുനിക ഡബിംഗ് ആൻഡ് എഡി​റ്റിംഗ് സ്യൂട്ടിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് സിനിമാതാരം സുരേഷ് കൃഷ്ണ നിർവഹിക്കും. സംവിധായകൻ സന്തോഷ് വിശ്വനാഥ്, നിംസ് മെഡിസി​റ്റി എം.ഡിയും നൂറുൽ ഇസ്ലാം സർവകലാശാല പ്രോ ചാൻസലറുമായ എം.എസ്.ഫൈസൽ ഖാൻ, വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് തുടങ്ങിയവർ പങ്കെടുക്കും.