കേളി വാർഷികവും നാടകോത്സവവും

Monday 06 October 2025 12:44 AM IST

പാരിപ്പള്ളി: കിഴക്കനേല കേളി ഗ്രന്ഥശാലയുടെ 33-ാം വാർഷികാഘോഷവും പ്രൊഫഷണൽ നാടകോത്സവവും 16 മുതൽ 26 വരെ നടക്കും. 16ന് വൈകിട്ട് 4ന് ലഹരിവിരുദ്ധ സന്ദേശയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. 17ന് നടക്കുന്ന വാർഷികസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് വേണു.സി കിഴക്കനേല അദ്ധ്യക്ഷനാകും. കേളി സേവനപുരസ്കാരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ വിതരണം ചെയ്യും.

18ന് വൈകിട്ട് 7ന് നാടകോത്സവം ചലച്ചിത്ര-സീരിയൽ താരം രാജൻ കിഴക്കനേല ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 7.15നാണ് നാടകങ്ങൾ. ഒക്ടോബർ 20ന് രാവിലെ 9ന് മുതൽ മെഡിട്രീന ആശുപത്രി, അനൂപ് ഇൻസൈറ്റ്സ്, ദേവി ലബോറട്ടറി ആൻഡ് സ്കാൻസ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ, നേത്ര പരിശോധന, രക്തനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് സംസ്ഥാനതല ചിത്രരചനാമത്സരം 'നിറക്കൂട്ട്'. ഉച്ചയ്ക്ക് 12ന് പാൽപ്പായസ സദ്യ. 26ന് വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വേണു.സി.കിഴക്കനേല അദ്ധ്യക്ഷനാകും. കേളി സെക്രട്ടറി പി.എസ്.പ്രേംജിത്ത് സ്വാഗതം ആശംസിക്കും.

സ്നേഹജ്വാല പുരസ്കാരങ്ങൾ ഡോ. പള്ളിക്കൽ മണികണ്ഠൻ, ചിറക്കര സലിംകുമാർ, കെ.ആർ.പ്രസാദ് എന്നിവർക്ക് ഗ്രന്ഥശാലാ രക്ഷാധികാരി രാജൻ കിഴക്കനേല നൽകും. കേളിമിത്ര പുരസ്കാരം പൊതുപ്രവർത്തകൻ വിഷ്ണുഭക്തനും ചികിത്സാ ധനസഹായം ഡോ. സിറാജുദ്ദീനും ഭക്ഷ്യകിറ്റ് വിതരണം പി.എം.രാധാകൃഷ്ണനും നിർവഹിക്കും. രാത്രി 7ന് സംസ്ഥാനതല കൈകൊട്ടിക്കളി മത്സരം.

പ്രതിഭാ പുരസ്‌കാരം വിജയരാഘവന്

ഏഴാമത് കേളി പ്രതിഭാപുരസ്‌കാരം ചലച്ചിത്രനടനും ദേശീയ അവാർഡ് ജേതാവുമായ വിജയരാഘവന് സമ്മാനിക്കും. 26ന് വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിൽ കഥാകൃത്തും തിരക്കഥാകൃത്തുമായ ബെന്യാമിൻ പുരസ്‌കാരം സമ്മാനിക്കും. ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത വെങ്കല ശിൽപ്പം, 25000 രൂപ, പ്രശസ്തിപത്രം, പൊന്നാട എന്നിവയടങ്ങിയതാണ് പുരസ്‌കാരം.