ഭാരത മാതായുടെ മക്കളെന്ന വിശ്വാസം കാക്കണം: ഗവർണർ
ഗുരുവായൂർ: ഭാരത മാതായുടെ മക്കളാണ് നമ്മളെന്ന വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ . ഗുരുവായൂരിൽ അഖില ഭാരത നാരായണീയ മഹോത്സവ കമ്മിറ്റിയുടെ 'വൈകുണ്ഠാമൃതം' നാരായണീയ സാഗരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ പാരമ്പര്യവും മഹത്വവും ഇളം തലമുറയിലേക്കും പകരേണ്ട സ്‌കൂളുകളിൽ പലപ്പോഴും അതല്ല നടക്കുന്നത്. ചില സ്‌കൂളുകളിലെ ഗുരുപൂജയ്‌ക്കെതിരെ എതിർപ്പുയർന്നു. നാരായണീയ'ത്തിന്റെ മഹത്വം ലോകമെങ്ങും പ്രചരിപ്പിക്കണം.. നാരായണീയോത്സവത്തിൽ പ്രകടമാകുന്നത് മാതൃശക്തിയും നാരീശക്തിയുമാണ്. അത് നമ്മുടെ സംസ്‌കൃതിയുടെ ഭാഗമാണ്. നമ്മുടെ രാജ്യം പലവിധ സംസ്‌കാരം, പാരമ്പര്യം, ആചാരങ്ങൾ, കലകൾ എന്നിവയാൽ സമൃദ്ധമാണ്. എന്നാൽ 'ഏക ഭാരത്', ' ശ്രേഷ്ഠ ഭാരത്' എന്ന തത്വത്തിനാണ് പ്രാധാന്യം നൽകേണ്ടത്.
'പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരെ' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തായിരുന്നു ഗവർണർ പ്രസംഗം തുടങ്ങിയത്. ഭാരതത്തിന്റെ പാരമ്പര്യവും മഹത്വവും ഇളംതലമുറയിലേക്കും പകരേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു. നാരായണീയ മഹോത്സവ സമിതി പ്രസിഡന്റ് മാങ്ങോട്ട് രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ജുനാ അഗാഡ മഹാമണ്ഡലേശ്വർ സ്വാമി നാരായൺ ഗിരി മഹാരാജ് മുഖ്യാതിഥിയായി. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. നാരായണീയോത്സവം ജനറൽ സെക്രട്ടറി ഹരിമേനോൻ ചാമപറമ്പിൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.ബി.വിജയകുമാർ, കൗൺസിലർ ശോഭ ഹരിനാരായണൻ, ബാബുരാജ് കേച്ചേരി എന്നിവർ പ്രസംഗിച്ചു. ആർക്കിടെക്ട് ബി.ആർ.അജിത്, വ്യവസായി പി.നടരാജൻ എന്നിവരെ ആദരിച്ചു.