6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിമാന യാത്രക്കാരൻ പിടിയിൽ

Monday 06 October 2025 1:29 AM IST

നെടുമ്പാശേരി: ആറ് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൻ (29) നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഫാഷൻ ഡിസൈനറായ ഇയാൾ ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴി ഇന്നലെ പുലർച്ചെയാണ് എത്തിയത്. ബാഗേജിലെ പ്രത്യേക അറകളിൽ ആറ് കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.

ജസ്മാനിൽ നിന്ന് കഞ്ചാവ് കൈപ്പറ്റാൻ ലഹരി മാഫിയാ സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ പിടിയിലായതറിഞ്ഞ് അവർ കടന്നു കളഞ്ഞു. ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് മയക്കുമരുന്ന് കടത്തിന് കാരിയർക്ക് ലഭിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് കർശനമായി നിരീക്ഷിക്കുന്നുണ്ട്.