ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ മൊഴിയിൽ ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്, മഹസറിൽ ധാരണപിഴവെന്ന് ഉദ്യോഗസ്ഥർ

Monday 06 October 2025 8:05 AM IST

തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ കഴിഞ്ഞദിവസങ്ങളിൽ മുഖ്യ സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നൽകിയ മൊഴിയിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ്. സ്പോൺസർ- ദേവസ്വം ഉദ്യോഗസ്ഥ കൂട്ടുകെട്ട് സംഭവത്തിലുണ്ടായി എന്നാണ് നിഗമനം. ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്നതായും ദേവസ്വം വിജിലൻസ് നിഗമനമുണ്ട്. സംഭവത്തിൽ വിശദമായൊരു അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ വ്യാഴാഴ്‌ച റിപ്പോർട്ട് നൽകും.

അതേസമയം 2019ൽ മഹസറിൽ ധാരണപിഴവാണ് സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. സ്വർണാഭരണ വിഭാഗം ഉദ്യോഗസ്ഥർ നൽകിയ മൊഴിപ്രകാരം ചെമ്പ് എന്ന് മഹസറിൽ കുറിച്ചത് ധാരണപിഴവാകാം. സ്വർണപ്പാളിയിലെ തൂക്കക്കുറവ് മഹസറിൽ റിപ്പോർട്ട് ചെയ്‌തില്ല. സ്വർണപ്പാളികളിൽ ശാസ്‌ത്രീയ പരിശോധന വേണ്ടിവരും. കൊണ്ടുപോയ പാളിയാണോ പോറ്റി തിരികെ കൊണ്ടുവന്നതെന്ന് അറിയാനാണിത്.

ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, അവയുടെ ഗുണമേൻമയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്‌മിത്തോ, നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ 2019ലെ മഹസറിൽ ഒപ്പുവച്ചിട്ടില്ല. ചെമ്പുപാളികളിൽ പൂശാൻ ഉപയോഗിച്ച സ്വർണത്തിന്റെയും ചെമ്പിന്റെയും അളവും തൂക്കവും മൂല്യവും മഹസറിൽ വിവരിച്ചിട്ടില്ല.

എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് തയ്യാറാക്കിയ മഹസറിൽ അദ്ദേഹം ഉൾപ്പെടെ പന്ത്രണ്ടുപേർ ഒപ്പുവച്ചിട്ടുണ്ട്. 2019 സെപ്തംബർ പതിനൊന്നിനാണ് പാളികൾ തിരികെ എത്തിച്ച് ദ്വാരപാലക ശില്പങ്ങളിൽ ഉറപ്പിച്ചത്.

2019 ജൂലായ് 19, 20 തീയതികളിലെ മഹസറിൽ ചെമ്പുപാളികളിലും ശ്രീകോവിലിന്റെ തെക്കുവടക്ക് ചുമരുകളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പുതകിടിലും സ്വർണംപൂശി ഏൽപ്പിക്കാനായി സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതായി പറയുന്നുണ്ട്.

ജൂലായ് 20നാണ് കൊണ്ടുപോയത്. ഓഗസ്റ്റ് 29ന് തിരുവാഭരണം കമ്മിഷണർ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ കമ്പനിയിൽ എത്തുകയും അവിടെ തയ്യാറാക്കിയ മഹസറിൽ ശില്പപാളികളുടെ 14 ഭാഗങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നതായി രേഖപ്പെടുത്തി. 39 ദിവസം കാലതാമസമുണ്ടായെന്ന് കണ്ടെത്തിയത് ഇതു പ്രകാരമാണ്. മഹസർ പുറത്തുവന്നതോടെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും അറവോടെയാണ് കാര്യങ്ങൾ നടന്നതെന്ന് വ്യക്തമായി.

മഹസറിൽ ഒപ്പുവച്ചവർ ഇവരാണ്:

തന്ത്രി കണ്ഠരര് മഹേഷ് മോഹനര് , മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി, ഡ്യൂട്ടി ഗാർഡുമാരായ ആർ. സോമശേഖരൻ നായർ, പി.എസ് കണ്ണൻ, വാച്ചർമാരായ സി.സുരേഷ് ബാബു, എസ്.ദിവാകരൻ , ശബരിമല മരാമത്ത് തേർഡ് ഗ്രേഡ് ഓവർസിയർ വരുൺ കരുണാകരൻ, ഹെഡ് അക്കൗണ്ടന്റ് ആർ.ശങ്കരനാരായണൻ, സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ , എക്സിക്യൂട്ടീവ് ഓഫീസർ വി.എസ് രജേന്ദ്രപ്രസാദ്‌.