മകനെ ട്യൂഷൻ ക്ളാസിൽ കൊണ്ടാക്കുന്നതിനിടെ വാഹനത്തിൽ ലോറിയിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

Monday 06 October 2025 9:05 AM IST

തിരുവനന്തപുരം: മകനെ ട്യൂഷൻ ക്ളാസിൽ കൊണ്ടാക്കാൻ പോകുന്നതിനിടെ കാറിൽ ലോറിയിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ആറ്റിങ്ങൽ തോട്ടയ്‌ക്കാട് പാലത്തിനടുത്താണ് ഇ‌ന്ന്‌ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. തോട്ടയ്‌ക്കാട് സ്വദേശി മീന (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യുവിന് അപകടത്തിൽ പരിക്കേറ്റു.

കാറിൽ വരികയായിരുന്ന മീനയും മകനും തോട്ടയ്‌ക്കാട് പാലത്തിന് സമീപം യു ടേൺ എടുക്കവെ അതുവഴി വന്ന ലോറി ഇടിക്കുകയായിരുന്നു. കഴിഞ്ഞമാസവും ഇവിടെ നിരവധി വാഹനങ്ങൾ ഒരുമിച്ച് കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. കാറിടിച്ച് പിക്കപ്പ് വാൻ മറിയുകയും മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു. എന്നാൽ അന്ന് ആർക്കും ജീവാപായം സംഭവിച്ചിരുന്നില്ല.