സ്വർണവില ഒരു ലക്ഷം എത്തുമോ?​ ഇന്ന് റെക്കാഡ് കുതിപ്പ്,​ ഒറ്റയടിക്ക് വർദ്ധിച്ചത് 1000 രൂപ

Monday 06 October 2025 10:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 1000 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 88,560 രൂപയാണ്. ഗ്രാമിന് 125 രൂപ വർദ്ധിച്ച് 11,070 രൂപയുയായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം തുടക്കം മുതൽ സ്വർണവിലയിൽ വൻ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 166 രൂപയും കിലോഗ്രാമിന് 1,​66,​000 രൂപയുമാണ്.

ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. അമേരിക്കയിലെ സർക്കാർ അടച്ചുപൂട്ടൽ അനിശ്ചിതമായി നീളുന്നതിനാൽ സ്വർണ വില വീണ്ടും റെക്കാഡ് ഉയരത്തിലെത്തി. ഡോളറിന്റെ അപ്രമാദിത്യം തകരുന്നതും യുഎസ് ബോണ്ടുകളിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതും സ്വർണത്തിന് കരുത്തായി.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ വിലയിൽ പ്രതിഫലിക്കും. വിലകൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് എന്നും കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കെെവശം വയ്ക്കാൻ ആളുകൾ താൽപര്യപ്പെടുന്നു.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ.
  • രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ.
  • വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ.
  • ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ.
  • രൂപയുടെ മൂല്യത്തിലെ അസ്ഥിരത.
  • വിവാഹ സീസൺ, ദസറ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിൽ സ്വർണത്തിനുള്ള വർദ്ധിച്ച ആവശ്യം.
  • ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പരിഗണിക്കുന്നത്.