അഞ്ച് കോടിയുടെ രണ്ട് വീട്, മാസം മൂന്ന് ലക്ഷം രൂപ വരുമാനം; ബംഗളൂരുവിലെ ഓട്ടോക്കാരന്റെ കഥ കേട്ട് ഞെട്ടി യുവാവ്

Monday 06 October 2025 11:23 AM IST

ബംഗളൂരു: കേരളത്തിൽ നിന്ന് മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേരാണ് ബംഗളൂരുവിൽ പഠിക്കാനും ജോലിക്കുമായി എത്തുന്നത്. ഇപ്പോഴിതാ ബംഗളൂരുവിൽ താമസിക്കുന്ന ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എൻജീനിയർ ആകാശ് ആനന്ദാനിയാണ് താൻ യാത്ര ചെയ്ത ഓട്ടോയിലെ ഡ്രെെവർ പങ്കുവച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഓട്ടോ ഡ്രെെവറുടെ കെെയിലെ ആപ്പിൾ വാച്ചും എയർ പോഡും ശ്രദ്ധിച്ചതിന് പിന്നാലെയാണ് ആകാശ് അദ്ദേഹത്തോട് കൂടുതൽ വിവരങ്ങൾ ചോദിച്ചത്. ഓട്ടോറിക്ഷ ഡ്രെെവർക്ക് 4-5 കോടി വിലമതിക്കുന്ന രണ്ട് വീടുകൾ സ്വന്തമായുണ്ടെന്നും പ്രതിമാസം രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും യുവാവ് എക്സിൽ കുറിച്ചു.

ഈ വീടുകൾ വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും ഇതൊന്നും കൂടാതെ ഒരു എഐ സ്റ്റാർട്ടപ്പിൽ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ആകാശ് വ്യക്തമാക്കുന്നു. ആദ്യം ചെയ്ത് തുടങ്ങിയ ജോലി ഓട്ടോ ഓടിക്കുന്നതാണെന്നും അത് ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ലെന്നും ആകാശ് പറയുന്നു. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. ചിലർ സംശയത്തോടുകൂടിയാണ് പോസ്റ്റിനെ കാണുന്നത്. ചിലർ ആകാശ് കള്ളം പറയുകയാണെന്നും കമന്റ് ചെയ്യുന്നുണ്ട്.