പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി; വെള്ളിയാഴ്‌ച പരിഗണിക്കും
കൊച്ചി: പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി. വിഷയം വീണ്ടും വെള്ളിയാഴ്‌ച പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത 544ലെ പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. പ്രദേശത്തെ അടിപ്പാതകളുടെ നിർമാണവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിറ്റി (എൻഎച്ച്‌എഐ) പരാജയപ്പെട്ടെന്ന് കാട്ടിയാണ് കോടതി ടോൾ പിരിവ് തടഞ്ഞത്. ആദ്യം നാലാഴ്‌ചത്തേക്കാണ് ടോൾ പിരിവ് തടഞ്ഞതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.
വാണിയമ്പാറ മുതൽ ചിറങ്ങര വരെയുള്ള ഏഴിടങ്ങളിൽ ബദൽ മാർഗങ്ങളൊരുക്കാതെ അടിപ്പാത നിർമാണം തുടങ്ങിയതോടെയാണ് രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായത്. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് ഇടപെടലുണ്ടായത്. ടോൾ നിർത്തലാക്കിയ ഉത്തരവിനെതിരെ എൻഎച്ച്‌എഐ സുപ്രീം കോടതിയിൽ ഹർജി നൽകി. എന്നാൽ, ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി ശരിവയ്‌ക്കുകയായിരുന്നു.
തുടർന്ന് സെപ്‌തംബറിൽ ടോൾ പിരിവിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് എൻഎച്ച്‌എഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കളക്‌ടർ അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും നിലവിലുണ്ടെന്ന മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ഹൈക്കോടതി വീണ്ടും ടോൾ വിലക്ക് നീട്ടുകയായിരുന്നു.