സ്വർണപ്പാളി വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സർക്കാർ
കൊച്ചി: സ്വർണപ്പാളി വിവാദത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എ ഡി ജി പി എച്ച് വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചു.
സംസ്ഥാന പൊലീസിലെ ഏറ്റവും സീനിയർ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് എച്ച് വെങ്കിടേഷ്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ടയാളാണ് എച്ച് വെങ്കിടേഷ്. ഹൈക്കോടതിയുടെ തീരുമാനത്തെ സർക്കാർ സ്വാഗതം ചെയ്‌തു. സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ നിന്ന് എന്തൊക്കെ വസ്തുക്കൾ കാണാതെ പോയി? ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുകളിൽ ആരൊക്കെയുണ്ട്? നാൽപ്പത്തിരണ്ട് കിലോയുണ്ടായിരുന്ന സ്വർണപ്പാളി എങ്ങനെ കുറഞ്ഞു? വിഷയത്തിൽ ദേവസ്വം ബോർഡിന് പങ്കുണ്ടോ എന്നടക്കം നിരവധി കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. പല ചോദ്യങ്ങൾക്കും ദേവസ്വം ബോർഡിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ശബരിമലയിൽ നിന്ന് 2019ൽ സ്വർണംപൂശാൻ ചെന്നൈയിൽ കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും ദുരൂഹതയുള്ളതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, അവയുടെ ഗുണമേൻമയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ, നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ ഒപ്പുവച്ചിട്ടില്ല. ചെമ്പുപാളികളിൽ പൂശാൻ ഉപയോഗിച്ച സ്വർണത്തിന്റെയും ചെമ്പിന്റെയും അളവും തൂക്കവും മൂല്യവും മഹസറിൽ വിവരിച്ചിട്ടില്ലെന്നൊക്കെയാണ് വിവരം.