മലബാറിൽ റെയിൽവേയ്‌ക്ക് ലക്ഷങ്ങൾ വരുമാനമുണ്ടാക്കാം, ഈ ഒരു തീരുമാനമെടുത്താൽ ഗുണം ടൂറിസത്തിനും

Monday 06 October 2025 1:21 PM IST

കണ്ണൂർ: കോടികൾ മുടക്കി നവീകരിച്ച മുഴപ്പിലങ്ങാട് ബീച്ചിലേക്കെത്താൻ വിനോദ സഞ്ചാരികൾ കഷ്ടപ്പെടുമ്പോൾ നോക്കു കുത്തിയാവുകയാണ് എടക്കാട് റെയിൽവേ സ്റ്റേഷൻ. ഇവിടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് വിനോദ സഞ്ചാരികൾക്ക് സൗകര്യമുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അന്യ ജില്ലകളിൽ നിന്നും,സംസ്ഥാനങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് നവീകരണത്തിന് ശേഷം മുഴപ്പിലങ്ങാട് ബീച്ചിലെത്തുന്നത്.

എന്നാൽ വഴി റോഡ് മാർഗം മാത്രമാണ്. ഈ തിരക്ക് റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ബീച്ചിന്‌ തൊട്ടടുത്തുള്ള എടക്കാട് റെയിൽവേ സ്റ്റേഷൻ നോക്കുകുത്തിയായി കിടക്കുമ്പോഴാണിത്. റെയിൽവേ സ്റ്റേഷന് പുറകിലുള്ള റോഡിലൂടെ ബീച്ചിന്റെ എടക്കാട് ഭാഗത്തേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും. ഇത് ഉപയോഗപ്പെടുത്തുകയാണെങ്കിൽ മറ്റ് രണ്ട് റോഡുകളിലെ തിരക്ക് കുറയും. വീതി വളരെ കുറവായ ഈ റോഡിൽ മിക്ക ഒഴിവു ദിവസങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. ബീച്ചിലേക്കുള്ള പ്രധാന പ്രവേശനമായി റെയിൽവേ സ്റ്റേഷനെ ഉപയോഗപ്പെടുത്തിയാൽ അത് വിനോദ സഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. നിലവിൽ ബീച്ചിലേക്ക് എത്തേണ്ടുന്ന ട്രെയിൻ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവിടെ നിന്നും ബീച്ചിലെത്താൻ പിന്നെയും 30 മിനുട്ടിൽ കൂടുതൽ റോഡ് യാത്ര ചെയ്യണം.

ഭൂമിയുണ്ട്, ഉപയോഗിക്കാം

ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂമി സ്വന്തമായുള്ള റെയിൽവേ സ്റ്റേഷനാണ് എടക്കാട്. ഇതിനെ ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കിൽ റെയിൽവേയ്ക്കും ടൂറിസം മേഖലയ്ക്കും അത് ഗുണങ്ങളുണ്ടാക്കുമെന്നാണ് പറയുന്നത്. വികസനം വന്നതോടെ ബീച്ചിലെയും പരിസരത്തേയും വ്യാപാര സ്ഥാപനങ്ങളും ചെറിയ സംരംഭങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ചെറുകിട സംരംഭങ്ങളുമായി രംഗത്തെത്തി.

നോക്കിയാൽ കാണുന്ന ദൂരത്ത് റെയിൽവേ സ്റ്റേഷൻ

ബീച്ചിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തിലാണ് എടക്കാട് സ്റ്റേഷനുള്ളത്. മുഴപ്പിലങ്ങാട് പഞ്ചായത്ത് പരിധിയിൽ തന്നെയാണ് സ്റ്റേഷൻ. പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഇവിടെ ഇപ്പോൾ നിർത്തുന്നത്. രാജ്യാന്തരതലത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട പദ്ധതിക്ക് വേണ്ടുന്ന പരിഗണന നൽകി മറ്റു ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ജനങ്ങളുടെ കൂട്ടായ ആവശ്യം.