സ‌ർക്കാർ ജീവനക്കാരുടെ താമസമുറിയിൽ പേടിപ്പെടുത്തുന്ന കാഴ്‌ച, ഒന്നും രണ്ടുമല്ല ഒരുകൂട്ടം വലിയ മൂർഖൻ പാമ്പുകൾ

Monday 06 October 2025 1:42 PM IST

വടക്കഞ്ചേരി: ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി ആരോഗ്യ വകുപ്പിന്റെ മംഗലംഡാം ചിറ്റടിയിലുള്ള സബ് സെന്ററിൽ മൂർഖൻ പാമ്പുകൾ. സെന്ററിലെ താമസമുറിക്കുള്ളിലാണ് വലിയ മൂർഖൻ പാമ്പുകളെ കണ്ടത്. ജീവനക്കാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് തകർന്നു കിടക്കുന്ന ജനൽ വഴിയും മറ്റും ഏതാനും പാമ്പുകൾ പുറത്തുചാടി പോയി.

ബഹളംവച്ചിട്ടും അകത്ത് കിടന്നിരുന്ന വലിയ മൂർഖൻ പാമ്പിനെ പിന്നീട് തോട്ടി കൊണ്ടുവന്ന് തട്ടി പുറത്തു ചാടിക്കുകയായിരുന്നു. പാമ്പുകളുടെ കടിയേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജീവനക്കാർ. ഹെൽത്ത് സെന്ററിലെ മുറികൾ പാമ്പുകൾ താവളമാക്കിയിട്ട് കുറച്ചുകാലങ്ങളായിട്ടുണ്ടാകും എന്നുവേണം കരുതാൻ. പാമ്പുകളുടെ ഉറകളും പല ഭാഗത്തുമുണ്ട്.

പോളിയോ വാക്സിനും മറ്റു ചികിത്സകൾക്കും പിഞ്ചുകുട്ടികൾ ഉൾപ്പെടെ എത്തുന്ന കേന്ദ്രത്തിലാണ് ഇത്തരത്തിൽ പാമ്പുകൾ നിറഞ്ഞിട്ടുള്ളത്. മംഗലംഡാമിന്റെ വലതുകര കനാലിനടുത്താണ് സെന്റർ. പിറകിൽ നെൽപ്പാടങ്ങളും പൊന്തക്കാടുകളുമാണ്. പൊട്ടിപ്പൊളിഞ്ഞ ജനാലകളും വാതിലുകളും മാറ്റിസ്ഥാപിച്ച് കെട്ടിടം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ഡിനോയ് കോമ്പാറ ആരോഗ്യവകുപ്പിനും പഞ്ചായത്ത് അധികൃതർക്കും കത്ത് നൽകി.