മാസം 5000 രൂപ മാറ്റിവയ്ക്കാനുണ്ടോ? എളുപ്പത്തിൽ നാല് ലക്ഷം നേടിയെടുക്കാം, ടെൻഷനില്ലാതെ ജീവിക്കാം
സാമ്പത്തിക ഭദ്രതയുളള ഭാവിജീവിതമാണ് എല്ലാവരും സ്വപ്നം കാണുന്നത്. അതുകൊണ്ടുതന്നെ മാസം തോറും ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ഭാവിയിലേക്ക് മാറ്റിവയ്ക്കാത്തവരായി ആരും തന്നെ കാണില്ല. അതിനായി മിക്കവും തിരഞ്ഞെടുക്കുന്നത് നിക്ഷേപപദ്ധതികളെയായിരിക്കും. പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിച്ച് മികച്ച ലാഭം നേടിയെടുക്കാൻ സാധിക്കുന്ന ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപപദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി).
ഒരു നിശ്ചിത തുക പ്രതിമാസത്തിലോ അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കലോ നിക്ഷേപിച്ചാൽ മതിയാകും. മാസംതോറും 100 രൂപ വീതം നിക്ഷേപിക്കാൻ സാധിക്കുന്ന എസ്‌ഐപി സ്കീമുകളുണ്ട്. എസ്‌ഐപിയിൽ പ്രതിമാസം 5000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ ഒരു വർഷം കൊണ്ട് 60,000 രൂപ സമ്പാദിക്കാം. 12 ശതമാനമാണ് എസ്‌ഐപിയിൽ നിന്ന് നിക്ഷേപകന് ലഭിക്കുന്ന പലിശ. ഇത്തരത്തിൽ അഞ്ച് വർഷം നിങ്ങൾ എസ്‌ഐപിയിൽ നിക്ഷേപം നടത്തുകയാണെങ്കിൽ നാല് ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അതായത് അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം മൂന്ന് ലക്ഷവും പലിശയിനത്തിൽ മാത്രം 1,12,432 രൂപയും നേടാം. അതായത് അഞ്ച് വർഷം കൊണ്ട് 4,12,432 രൂപ നേടാൻ കഴിയും.
എസ്‌ഐപിയിലൂടെ നിങ്ങൾക്ക് ആറ് ലക്ഷം രൂപ വരെ സമ്പാദിക്കണമെങ്കിൽ നിങ്ങൾ അഞ്ച് വർഷത്തേക്ക് പ്രതിമാസം 8000 രൂപ നിക്ഷേപിക്കണം. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 4,80,000 രൂപയും പലിശയിനത്തിൽ മാത്രം 1,79,891 രൂപയും നേടാം. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 6,59,891 രൂപ വരെ സമ്പാദിക്കാം. അടുത്തുളള സാമ്പത്തിക സ്ഥാപനങ്ങളിലോ സാമ്പത്തിക വിദഗ്ദരുടേയോ നിർദ്ദേശമനുസരിച്ച് പദ്ധതിയിൽ നിക്ഷേപം നടത്താവുന്നതാണ്.