മാത്യു കുഴൽനാടന് തിരിച്ചടി; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല, ഹർജി തള്ളി സുപ്രീം കോടതി

Monday 06 October 2025 2:33 PM IST

ന്യൂഡൽഹി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്‌ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് മാത്യു കുഴൽനാടൻ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മുഖ്യമന്ത്രി ഉൾപ്പെടെ ഏഴുപേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

സാങ്കേതിക കാരണങ്ങളാലാണ് സുപ്രീം കോടതി വിഷയത്തിൽ ഇടപെടാതിരുന്നതെന്നാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. രാഷ്‌ട്രീയമായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകും. നിയമപരമായി മുന്നോട്ടുപോകും. തനിക്കെതിരെ എത്ര സൈബർ ആക്രമണം നടത്തിയാലും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. താൻ നടത്തിയ പോരാട്ടം ഇല്ലാതെയാകുന്നില്ല. മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ മറുപടി പറയേണ്ടിവരുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.