ഗവർണറുടെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട് , നടപടിക്ക് ശുപാർശ

Monday 06 October 2025 3:43 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ഗവർണറുടെ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ മദ്യപിച്ചതായി കണ്ടെത്തി. എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ സിപിഒ ശരത് ആണ് ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലെത്തി കുടുങ്ങിയത്. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്പ്രസിലെത്തിയ ഗവർണറെ രാജ്ഭവനിലേക്ക് കൊണ്ടുപോകുന്ന റൂട്ടിലെ റൈഫിൾ ഡ്യൂട്ടിയിലാണ് ശരത്തിനെ നിയോഗിച്ചിരുന്നത്.

റൈഫിൾ ഡ്യൂട്ടിക്കായി മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം വാഹനത്തിൽ കയറിയപ്പോഴാണ് ശരത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻതന്നെ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ശരത്തിനെ ഫോർട്ട് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഈ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്.

ഉടൻതന്നെ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്യുകയും പകരം മറ്റൊരാളെ നിയമിക്കുകയും ചെയ്തു. ഡ്യൂട്ടിക്കിടെ മദ്യപിച്ച കുറ്റത്തിന് ശരത്തിനെതിരെ വകുപ്പുതല നടപടിക്ക് മേലുദ്യോഗസ്ഥർ ശുപാർശ നൽകിയിട്ടുണ്ട്. ഇതോടെ ശരത്തിനെ സസ്‌പെൻഡ് ചെയ്യാൻ സാദ്ധ്യതയുണ്ട്.