എം.പരിവാഹൻ തട്ടിപ്പ്: നടപടികൾ വേഗത്തിൽ
Tuesday 07 October 2025 12:12 AM IST
കൊച്ചി: എം പരിവാഹൻ തട്ടിപ്പിൽ തുടർനടപടികൾ വേഗത്തിലാക്കി പാലാരിവട്ടം പൊലീസ്. ആദ്യപടിയായി ഇടപാട് വിവരങ്ങൾ തിരക്കി ബാങ്കുകൾക്ക് കത്തുനൽകാൻ തീരുമാനിച്ചു. കഴിഞ്ഞമാസം ഇടപ്പള്ളി അഞ്ചുമന സ്വദേശിയായ 74കാരന് 10.54 ലക്ഷം രൂപ നഷ്ടമായിരുന്നു.
നിയമം ലംഘിച്ചതിനാൽ പിഴ ഒടുക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെട്ട് വാട്‌സ്ആപ്പിൽ എം പരിവാഹന്റേതെന്ന പേരിൽ മെസേജ് എത്തിയിരുന്നു. ഇത് തുറന്നതോടെയാണ് പണം നഷ്ടമായത്. പിന്നീടാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഉടമയറിയാതെ ഫോണിന്റെ സ്‌ക്രീൻ ഷെയർ ചെയ്യുന്ന ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയൽ ഇൻസ്റ്റാളായെന്നും ഇത് ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നുമാണ് കണ്ടെത്തൽ.