പൊടിയിൽ നിറയെ മായം, ചായയാണെങ്കിൽ കേമം?​

Tuesday 07 October 2025 12:09 AM IST
തേയിലപ്പൊടി

തൃപ്പൂണിത്തുറ: ഒരിടവേളയ്ക്കു ശേഷം നിറം കലർത്തിയ വ്യാജ ചായപ്പൊടി അതിർത്തി കടന്നെത്തുന്നു. ചില കടകളിൽ ഇത് ഉപയോഗിക്കുന്നതായും കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർത്ത വിലകുറഞ്ഞ തേയിലപ്പൊടിയുടെ വില്പന തകൃതിയായി നടക്കുകയാണ്. സാധാരണ ചായപ്പൊടി ഒരു കിലോഗ്രാമിന് 400 ചായ ഉണ്ടാക്കാൻ കഴിയുമ്പോൾ മായം കലർന്ന ചായപ്പൊടി കൊണ്ട് 800 മുതൽ ആയിരം ചായ വരെ ഉണ്ടാക്കാൻ കഴിയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കുറഞ്ഞ ചെലവ്, മണവും വിലക്കുറവും എന്നീ ഘടകങ്ങളാണ് ഹോട്ടൽ ഉടമകളെയും തട്ടുകടക്കാരെയും ഇതിലേയ്ക്ക് ആകർഷിക്കുന്നത്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് വ്യാജപ്പൊടി എത്തുന്നത്. ചോക്ലേറ്റ് ബ്രൗൺ, സൺസെറ്റ് യെലോ, കാരമൈൻ തുടങ്ങിയ കൃത്രിമ നിറങ്ങളാണ് ചേർക്കുന്നത്. ഇത്തരം ചായ പതിവായി ഉപയോഗിക്കുന്നവർക്ക് അർബുദം അടക്കമുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

തേയിലപ്പൊടി ചണ്ടി ശേഖരണം

ഹോട്ടലുകളിലും ചായക്കടകളിലും ഉപയോഗിച്ച തേയിലപ്പൊടി ചണ്ടി ശേഖരിക്കുന്ന സംഘവും സജീവമാണ്. ഇങ്ങനെ ശേഖരിക്കുന്ന ചണ്ടികളിൽ കൃത്രിമ രാസപദാർത്ഥങ്ങളും കുറച്ച് നല്ല തേയിലയും ചേർത്താണ് വിപണിയിൽ എത്തിക്കുന്നത്.

തിരിച്ചറിയൽ എളുപ്പം

ലിറ്റ്മസ് പേപ്പറിൽ ഒരു സ്പൂൺ ചായപ്പൊടിയിട്ട് അതിനു മുകളിൽ ഒന്നോ രണ്ടോ തുള്ളി വെള്ളം ഇറ്റിക്കുക, അല്പ സമയത്തിനു ശേഷം കഴുകിക്കളയുക. നിറം കലർത്തിയതാണെങ്കിൽ മഞ്ഞ നിറത്തിലോ ബ്രൗൺ നിറത്തിലോ കടുത്ത കറ ലിറ്റ്മസ് പേപ്പറിൽ കാണാം.

മാസത്തിൽ ഇരുപത്തിയഞ്ചോളം തവണ റാൻഡം സിസ്റ്റത്തിൽ സാമ്പിൾ പരിശോധന നടത്താറുണ്ട്. തൃപ്പൂണിത്തുറയിൽ ഇതുവരെ ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മുൻപ് പെരുമ്പാവൂർ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ട്.

ഫുഡ് സേഫ്റ്റി ഓഫീസർ

തൃപ്പൂണിത്തുറ