പാലക്കാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം സാദ്ധ്യമായി, അടികിട്ടിയത് 'സ്വകാര്യന്മാർക്ക്'
പാലക്കാട്: പാലക്കാട്-ബംഗളൂരു റൂട്ടിൽ കെഎസ്ആർടിസി എസി സീറ്റർ സർവ്വീസ് ആരംഭിച്ചതിന് ഗതാഗത മന്ത്രിക്ക് നന്ദി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ച മന്ത്രിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ നന്ദി രേഖപ്പെടുത്തിയത്. ദീർഘകാലമായുള്ള ആവശ്യമാണ് മന്ത്രി പരിഗണിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ അനുഭാവപൂർവ്വം പരിഗണന നൽകിയ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിക്ക് പാലക്കാടിന്റെ സ്നേഹാഭിവാദ്യം എന്ന വാക്കുകളോടെയാണ് എംഎൽഎ നന്ദി അറിയിച്ചത്.
'ദീർഘ കാലമായിട്ടുള്ള പാലക്കാടിന്റെ ആവശ്യമാണ് ബംഗളൂരുവിലേക്കുള്ള എസി ബസ് സർവ്വീസ്. പഠനത്തിനും തൊഴിലിനുമായി നിരവധി പാലക്കാടുകാർ ആശ്രയിക്കുന്ന നഗരമാണ് ബംഗളൂരു. എന്നാൽ പലപ്പോഴും തിരക്കേറിയ സമയത്ത് വലിയ ചാർജ്ജാണ് സ്വകാര്യ വാഹനങ്ങൾ ഈടാക്കാറുള്ളത്. അതിന് ഒരു പരിഹാരം എന്ന നിലയിലാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാറിനെ നേരിൽ കണ്ടും കത്ത് കൊടുത്തും കെഎസ്ആർടിസി എസി ബസ് ജനപ്രതിനിധി എന്ന നിലയിൽ ആവശ്യപ്പെട്ടത്. പാലക്കാടിന്റെ ഈ ആവശ്യത്തോട് അനുഭാവപൂർവ്വം പരിഗണന നല്കിയ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിക്ക് പാലക്കാടിന്റെ സ്നേഹാഭിവാദ്യം'- അദ്ദേഹം കുറിച്ചു.
ബംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണു യാഥാർഥ്യമായതെന്നു ഇന്നലെ ഫ്ലാഗോഫ് ചടങ്ങിൽ വച്ചും രാഹുൽ പറഞ്ഞിരുന്നു. സംസ്ഥാനം വിട്ടുള്ള കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും ഇന്നലെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കവെ എംഎൽഎ വ്യക്തമാക്കി. പാലക്കാട് ഡിപ്പോയിൽ നിന്ന് രാത്രി ഒൻപതിനും ബംഗളൂരുവിൽ നിന്നു 9.15നും പുറപ്പെടും. പാലക്കാട്ടു നിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ 1171 രൂപയും മറ്റു ദിവസങ്ങളിൽ 900 രൂപയുമാണ് ചാർജ്.