ലോട്ടറിയടിച്ച പണം മുഴുവന്‍ ചെലവാക്കി ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങി; നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ സംഭവിച്ചത്

Monday 06 October 2025 7:41 PM IST

തിരുവനന്തപുരം: ഭാഗ്യദേവത കടാക്ഷിക്കുകയാണെങ്കില്‍ വമ്പന്‍ തുക കൈയിലെത്തും. ഈ ഒരു പ്രതീക്ഷയാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഓരോ വ്യക്തിയുടേയും മനസ്സില്‍. വലിയ സമ്മാനത്തുകയോടുള്ള ആകര്‍ഷണം എന്നതിലുപരി പലര്‍ക്കും ജീവിതത്തില്‍ നിര്‍ണായക വഴിത്തിരവ് ആയ കഥകൂടിയുണ്ട് തിരുവോണം ബമ്പറിന്. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നവരും ലോട്ടറിയടിക്കാനായി വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ചവരുമെല്ലാം ഉള്‍പ്പെടുന്നതാണ് ഓണം ബമ്പര്‍ വിജയികളുടെ കഥകള്‍.

ഇത്തവണ സംസ്ഥാനത്ത് 75 ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. ടിക്കറ്റൊന്നിന് 500 രൂപ നല്‍കി 25 കോടിയുടെ ഒന്നാം സമ്മാനം പ്രതീക്ഷിച്ചവരില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള ഭാഗ്യാന്വേഷികളും ഉള്‍പ്പെടുന്നുണ്ട്. ടിക്കറ്റിന് നൂറ് രൂപ, ഒന്നാം സമ്മാനം അഞ്ച് കോടി രൂപ എന്ന നിലയ്ക്കായിരുന്നു ഓണം ബമ്പറിന്റെ ആദ്യകാലത്തെ ഘടന. പിന്നീട് പടിപടിയായി ടിക്കറ്റ് വിലയും സമ്മാനത്തുകയും ഉയര്‍ന്ന് ഇന്ന് കാണുന്ന 500 - 25 കോടി എന്ന നിലയില്‍ എത്തി.

2022 മുതലാണ് ഓണം ബമ്പറിന്റെ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്തിയത്. അന്ന് ഒന്നാം സമ്മാനം കിട്ടിയത് തിരുവനന്തപുരം സ്വദേശി അനൂപിന്.

പിന്നീടങ്ങോട്ട് സ്വന്തം വീട്ടില്‍ പോലും കയറാന്‍ കഴിയാത്തവിധത്തില്‍ നാട്ടുകാരുടെ ശല്യം കൊണ്ട് ആ ചെറുപ്പക്കാരന്‍ പൊറുതിമുട്ടി. കടം ചോദിച്ചും സഹായം ചോദിച്ച് വരുന്നവരുമായിരുന്നു ഓരോ ദിവസം തുടങ്ങുമ്പോള്‍ തന്നെ അനൂപ് കണികണ്ടിരുന്നത്. ഇത് അദ്ദേഹം തന്നെ പലപ്പോഴായി മാദ്ധ്യമങ്ങള്‍ക്ക് മുന്നിലും സമൂഹമാദ്ധ്യമങ്ങളിലും വെളിപ്പെടുത്തി.

2013ല്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം വിജയിച്ച പാലക്കാട് സ്വദേശി മുരളീധരന്റെ കഥ ഒരു നാടോടിക്കഥപോലെ വിചിത്രമാണ്. നൂറ് രൂപയുടെ ടിക്കറ്റിന് അഞ്ച് കോടിയാണ് അന്ന് ഒന്നാം സമ്മാനം. നറുക്കെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുരളീധരന് കാരുണ്യ ലോട്ടറി ടിക്കറ്റ് എടുത്തത് വഴി 25000 രൂപ സമ്മാനം ലഭിച്ചു. ഈ തുക മുഴുവന്‍ ഉപയോഗിച്ച് ഓണം ബമ്പര്‍ ടിക്കറ്റെടുക്കുകയാണ് മുരളീധരന്‍ ചെയ്തത്. അങ്ങനെയെടുത്ത ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും ലഭിച്ചു.

രണ്ട് വര്‍ഷമായി മലയാളികള്‍ക്ക് സമ്മാനമില്ല

2022ല്‍ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്തിയപ്പോള്‍ കേരള ലോട്ടറിയുടെ തിരുവോണം ബമ്പറിന് അയല്‍ സംസ്ഥാനത്ത് നിന്നും ആവശ്യക്കാരെത്തി. തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളിലും (2023, 2024) ബമ്പറടിച്ചത് കേരളത്തിന് പുറത്തുള്ളവര്‍ക്കായിരുന്നു. 2023ല്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തില്‍ എത്തിയ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് വാളയാറില്‍ നിന്നെടുത്ത ടിക്കറ്റിനും 2024ല്‍ കര്‍ണാടക സ്വദേശിയായ മറ്റൊരു യുവാവിനുമാണ് ഒന്നാം സമ്മാനം കിട്ടിയത്. ഈ വര്‍ഷം വീണ്ടും ശരത് നായര്‍ എന്ന യുവാവിലൂടെ മറ്റൊരു മലയാളിക്ക് സമ്മാനം കിട്ടുകയായിരുന്നു.