മെഡി. കോളേജുകൾക്ക് സ്വയംഭരണം വരട്ടെ

Tuesday 07 October 2025 3:05 AM IST

ഡോ. വി.ജി. പ്രദീപ്കുമാർ

നാഷണൽ ചെയർമാൻ,​

ഐ.എം.എ വൺ ഹെൽത്ത്

സംസ്ഥാനത്തിന്റെ ആരോഗ്യമേഖല പുതിയ കാലത്ത് നേരിടുന്ന വെല്ലുവിളികൾ പലതാണ്. മറഞ്ഞിരിക്കുന്ന വൈറസുകൾ മുതൽ നേരിട്ട് ഏറ്റുമുട്ടുന്ന മനുഷ്യർ വരെ അതിൽ ഉൾപ്പെടും. കൊവിഡും നിപ്പയും അമീബിക് മസ്തിഷ്കജ്വരവും പേവിഷ ബാധയുമെല്ലാം ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. ആശുപത്രികളിലെ പ്രതിസന്ധിയും സർക്കാർ ഡോക്ടർമാരുടെ ജോലിഭാരവും മറുവശത്ത്. സമകാലിക സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും,​ ആരോഗ്യ മേഖയിൽ ഉണ്ടാകേണ്ട ഇടപെടലുകളെക്കുറിച്ചും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) 'വൺ ഹെൽത്ത്" നാഷണൽ ചെയർമാൻ ഡോ. വി.ജി. പ്രദീപ് കുമാർ സംസാരിക്കുന്നു.

‌?​ അമീബിക് മസ്തിഷ്‌ക ജ്വരം ഉയർത്തുന്ന വെല്ലുവിളികൾ...

അമീബിക് കേസുകൾ പ്രതിദിനം വർദ്ധിക്കുകയാണ്. പെട്ടെന്ന് എങ്ങനെയാണ് പുതിയൊരു രോഗം രംഗപ്രവേശം ചെയ്തതെന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. അമീബകൾ പുതിയതല്ല. രോഗവും നേരത്തേയുണ്ട്. കണ്ടുപിടിക്കപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. മുൻകാലങ്ങളിൽ പനിമരണങ്ങളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിരുന്നു. അടുത്തിടെ നിപ്പ കേസുകൾ കണ്ടെത്തുന്നതിന് ആവിഷ്കരിച്ച പരിശോധനാ മാർഗങ്ങളിലൂടെയാണ് അമീബിക് മസ്തിഷ്കജ്വരവും സാരമായി പിടിമുറുക്കിയതായി കണ്ടെത്തിയത്. രക്ഷപ്പെടാൻ വിരള സാദ്ധ്യത മാത്രമുള്ള രോഗത്തോട് പോരാടുമ്പോഴും സുസജ്ജമായിരിക്കണം. ഉറവിടം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനാരീതികൾ അവലംബിക്കണം. സർക്കാർ- സ്വകാര്യ മേഖലകളുടെ സംയുക്ത പങ്കാളിത്തം ഉറപ്പാക്കി വേണം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ.

?​ ആരോഗ്യ പ്രവർത്തകർക്ക് സമ്പൂർണ സുരക്ഷ ഉറപ്പാക്കാനായോ.

ലോകത്തുടനീളം ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങൾ കൊവിഡ് കാലത്തും അതിനുശേഷവും വർദ്ധിച്ചു. ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾക്ക് ഉടൻ അറസ്റ്റും ജാമ്യമില്ലാ വകുപ്പുകളും ചുമത്തുന്നതായിരുന്നു കേന്ദ്ര ദുരന്ത നിവാരണ നിയമം. 2022 മാർച്ചിൽ സർക്കാർ അത് പിൻവലിച്ചു. പിന്നാലെ,​ കേരളത്തിൽ ഉൾപ്പെടെ രണ്ടു ഡോക്ടർമാർ ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. കേന്ദ്രസർക്കാർ, ഭാരതീയ ന്യായ സംഹിത പുതുക്കിയപ്പോൾ ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിർമ്മാണം നടത്തിയില്ല.

കേരളത്തിൽ ഒരു യുവ ഡോക്ടറുടെ കൊലപാതകത്തിനു ശേഷം ആശുപത്രി നിയമം പുതുക്കിയെങ്കിലും ആക്ടിൽ പറഞ്ഞ പ്രത്യേക കോടതികൾ, പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള മറ്റു സംവിധാനങ്ങൾ എന്നിവ ഇനിയും ഒരുക്കേണ്ടതുണ്ട്. ഇതിനു ശേഷവും കേരളത്തിൽ വളരെയധികം ആക്രമണങ്ങൾ ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ ഒന്നിൽപ്പോലും ശിക്ഷാ നടപടികൾ ഉണ്ടായില്ല.

?​ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ തുറന്നുപറച്ചിൽ ആരോഗ്യകരമാണോ?

 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി പ്രൊഫസറായ ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിലൂടെ കേരളം അത് മനസിലാക്കിയതാണ്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിലെ പ്രധാന കണ്ണിയാണ് സർക്കാർ മെഡിക്കൽ കോളേജുകൾ. ചികിത്സ, ഗവേഷണം, അദ്ധ്യാപനം എന്നീ മൂന്നു തലങ്ങളിലും ഒരുപോലെ മികവ് പുലർത്തണം. മെഡിക്കൽ കോളേജുകളിലെ നിലവിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം സ്വയം ഭരണാധികാരമാണ്.

ഡോ. ബി. ഇക്ബാൽ കമ്മിഷൻ 1996-ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലും,​ ആരോഗ്യ നയരൂപീകരണ സമിതി 2016-ൽ നൽകിയ റിപ്പോർട്ടിലും മെഡിക്കൽ കോളേജുകൾ സ്വയംഭരണ സ്ഥാപനങ്ങളാക്കണമെന്ന കാതലായ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. അത് ഇനിയും നടപ്പാക്കാനായിട്ടില്ല. ഓരോ വിഭാഗത്തിലും പഠനത്തിനും ഗവേഷണത്തിനും ചികിത്സയ്ക്കുമായുള്ള ഭൗതിക സാഹചര്യങ്ങൾ തീരുമാനിക്കേണ്ടതും,​ പ്രിൻസിപ്പാൾ, സൂപ്രണ്ട് എന്നിവർക്ക് അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതും ആ വിഭാഗത്തിന്റെ തലവനാണ്. എന്നാൽ ഇവർ ആവശ്യപ്പെടുന്ന പല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുവാൻ സ്ഥാപന മേധാവികൾക്ക് പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം.

?​ മെഡിക്കൽ കോളേജുകളുടെ പ്രതിസന്ധി മറികടക്കാൻ...

കേരളത്തിലെ 12 സർക്കാർ മെഡിക്കൽ കോളേജുകളിലായി 1700-ത്തോളം മെഡിക്കൽ സീറ്റുകളുണ്ട്. ഇതിൽത്തന്നെ പലതിലും വേണ്ടത്ര അദ്ധ്യാപകരോ അനദ്ധ്യാപക ജീവനക്കാരോ ഇല്ലെന്നതാണ് പ്രധാന പ്രതിസന്ധി. അത് മുതിർന്ന ഡോക്ടർമാരെയും യുവ ഡോക്ടർമാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിൻെറ നിലവാരം ചോദ്യം ചെയ്യപ്പെടും. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് ഡോക്ടർമാരുടെ എണ്ണവും വർദ്ധിപ്പിക്കേണ്ടതാണ്.

പല സർക്കാർ മെഡിക്കൽ കോളേജുകളിലെയും സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ നാമമാത്രമായ ഡോക്ടർമാരേയുള്ളൂ. ഓരോ ഡോക്ടറും ഒ.പിയിൽ 200 മുതൽ 300 വരെ രോഗികളെ നോക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇത് അശാസ്ത്രീയവും അനാരോഗ്യകരവുമാണ്. ഡോക്ടർമാരുടെ നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ പ്രത്യേക മെഡിക്കൽ സർവീസ് റിക്രൂട്ട്‌മെന്റ് സെൽ രൂപീകരിക്കണം. മെഡിക്കൽ കോളേജുകളിൽ ഉപസമിതികൾ (പ്രൊപ്പോസൽ കമ്മിറ്റി, സാമ്പത്തിക സമിതി, നിരീക്ഷണ സമിതി) എന്നിവ രൂപീകരിച്ച് അടിസ്ഥാന വികസനങ്ങൾ സമയബന്ധിതമായി നടപ്പാക്കണം.

?​ ഏകാരോഗ്യത്തിൽ അധിഷ്ഠിതമായ ചികിത്സാ സംവിധാനങ്ങളുടെ പ്രാധാന്യം.

മനുഷ്യൻ, മൃഗങ്ങൾ, പരിസ്ഥിതി ഇവ മൂന്നും തമ്മിലുള്ള പരസ്പരബന്ധം തിരിച്ചറിഞ്ഞുള്ള സമഗ്ര ആരോഗ്യ സമീപനമാണ് 'വൺ ഹെൽത്ത്." ഇവ മൂന്നിന്റെയും ആരോഗ്യവും നിലനില്പും പരസ്പരം ആശ്രയിച്ചിരിക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്ത് ഇത്തരമൊരു സമീപനം രൂപപ്പെട്ടത്. കൊവിഡ്, നിപ്പ തുടങ്ങിയ 75 ശതമാനത്തിലധികം പുതിയ വൈറസ് രോഗങ്ങളും മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്. 'വൺ ഹെൽത്തി"ലൂടെ മനുഷ്യ, മൃഗ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പകർച്ചവ്യാധികൾ നേരത്തേ കണ്ടെത്താനാകും. ഉറവിടം കണ്ടെത്തിയാൽ പ്രതിരോധം വെല്ലുവിളിയാകില്ല. ഫലപ്രദമായ ചികിത്സ നൽകി ജീവൻ രക്ഷിക്കാനുമാകും.

രോഗങ്ങൾ പടരുന്നതിനു മുമ്പേ തിരിച്ചറിഞ്ഞാൽ, വലിയ ചെലവു വരുന്ന അടിയന്തര ചികിത്സ ഒഴിവാക്കാം. പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ഫലപ്രദമാകും. അടുത്തിടെ വർദ്ധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധയും ഏകാരോഗ്യ സമീപനത്തിലൂടെ പ്രതിരോധിക്കേണ്ട പ്രധാന ആരോഗ്യ പ്രശ്‌ന‌മായിരിക്കുകയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യകരമായ നിലനില്പും സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുകയാണ് 'വൺഹെൽത്ത്" നയത്തിന്റെ ലക്ഷ്യം.