അധിക നിരക്ക് ഈടാക്കിയ കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോലഞ്ചേരി: ബസ് ടിക്കറ്റിന് അധികനിരക്ക് ഈടാക്കിയ കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോലഞ്ചേരി വാളകം മണ്ണൂർ പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മാർത്ത ബസിൽ കോലഞ്ചേരിയിൽ നിന്ന് മണ്ണൂർക്കുള്ള ടിക്കറ്റ് നിരക്കിൽ 2 രൂപ കൂടുതൽ ഈടാക്കിയെന്ന പരാതിയിലാണ് നടപടി. മണ്ണൂർ സ്വദേശിയായ എസ്. ശ്രീനാഥാണ് പരാതിക്കാരൻ. കണ്ടക്ടർ എൽദോ വർഗീസിന്റെ ലൈസൻസാണ് 15 ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്. കോലഞ്ചേരിയിൽ നിന്ന് 23 രൂപയാണ് മണ്ണൂർക്കുള്ള നിരക്ക്. എന്നാൽ യാത്രക്കാരിൽ നിന്ന് 25 രൂപയാണ് വാങ്ങിയിരുന്നത്. ആദ്യം പരാതി നൽകിയപ്പോൾ ടിക്കറ്റ് മെഷീനെ പഴിചാരി രക്ഷപ്പെടുകയായിരുന്നു. വീണ്ടും കൂടുതൽ നിരക്ക് വാങ്ങിയതോടെ മൂവാറ്റുപുഴ ആർ.ടി.ഒയ്ക്ക് പരാതി നൽകി. ഇതോടെയാണ് നടപടി ഉണ്ടായത്. 2024 ഡിസംബറിൽ തുടങ്ങിയ ശ്രീനാഥിന്റെ പോരാട്ടമാണ് വിജയം കണ്ടത്. പരാതി പിൻവലിപ്പിക്കാൻ ബസ് ജീവനക്കാരന്റെ സമ്മർദ്ദമുണ്ടായിരുന്നു. പി.വി. ശ്രീനിജിൻ എം.എൽ.എ വിഷയം ജില്ലാ വികസനസമിതിയിൽ അവതരിപ്പിച്ചതോടെ നടപടി വേഗത്തിലായി. ബസ് ഉടമ മാപ്പെഴുതിയ നൽകിയതിനാൽ പെർമിറ്റ് സസ്പെൻഷൻ നടപടി ഒഴിവാക്കി.