വഴിയടച്ച് ദേശീയപാത പെരുവഴിയിൽ ജനം
കോഴിക്കോട്: വഴിയടച്ചുള്ള (എൻട്രി, എക്സിറ്റ്) ദേശീയപാത വികസനം ജനങ്ങളെ പെരുവഴിയിലാക്കുന്നു. പാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും അടിപ്പാതയോ ഫ്ളെെ ഓവറോ ഇല്ലാത്തതിനാൽ പ്രദേശവാസികൾ ഇരുവശങ്ങളിലുമെത്താൻ കിലോമീറ്ററുകൾ ചുറ്റിത്തിരിയുകയാണ്. തൊണ്ടയാടിന് സമീപം പനാത്തുതാഴം- സി.ഡബ്ല്യു.ആർ.ഡിഎം ക്രോസിംഗ് അടച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് നേതാജി ജംഗ്ഷനിൽ ദേശീയപാതയുടെ ഇരുഭാഗവും അടച്ചത്. ഇതോടെ കുന്ദമംഗലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെ ഇടത്തോട്ടു തിരിഞ്ഞ് തൊണ്ടയാട്
മേൽപ്പാലത്തിനടിയിലെത്തി, യു ടേണെടുത്ത് മറുവശത്തെത്തണം. തുടർന്ന് സർവീസ് റോഡിലൂടെ പോകണം. കോട്ടൂളി പനാത്തുതാഴം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് പാച്ചാക്കലിലൂടെ ദേശീയപാത മുറിച്ചുകടക്കാൻ താത്കാലികാനുമതി നൽകിയിരിക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിലെത്തുന്ന ലക്ഷക്കണക്കിനാളുകളെ വലയ്ക്കുകയാണ് പുതിയ ദേശീയപാത. പ്രവൃത്തി ഏതാണ്ട് പൂർത്തിയായെങ്കിലും വേണ്ടിടങ്ങളിൽ എൻട്രി, എക്സിറ്റുകളില്ല. തൃശൂർ ഭാഗത്തു നിന്ന് വെളിമുക്കിനും പടിക്കലിനുമിടയിലാണ് എക്സിറ്റ്. അതിനുശേഷം, സർവകലാശാല കഴിഞ്ഞ് കാലിക്കറ്റ് എയർപോർട്ട് എക്സിറ്റാണുള്ളത്. ഇവ തമ്മിലുള്ള ദൂരം ആറ് കിലോമീറ്ററാണ്. വാഴ്സിറ്റിയിൽ നിന്ന് തിരികെ പോകുന്നവർക്ക് എക്സിറ്റ് പോയിന്റിൽ നിന്ന് സർവീസ് റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചുവേണം ക്യാമ്പസിലെത്താൻ. ഹൈവേ വികസനത്തിനായി നൂറ് ഏക്കറോളം ഭൂമി വിട്ടുകൊടുത്ത സർവകലാശാലയ്ക്കാണ് ദുരവസ്ഥ. കോഹിനൂർ ഭാഗത്തെ ടീച്ചേഴ്സ് ഫ്ലാറ്റ് പരിസരത്ത് എക്സിറ്റ്പോയിന്റുണ്ടാക്കിയാൽ എയർപോർട്ടടക്കമുള്ള പ്രദേശങ്ങളിൽ സർവകലാശാല ഓവർ ബ്രിഡ്ജ് വഴിയെത്താം.
- വേണം അടിപ്പാത, നടപ്പാലം
കോഴിക്കോട് - പാലക്കാട് , കോഴിക്കോട്-മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ, കോഴിക്കോട് ബൈപാസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളുന്നയിച്ച് എം.കെ.രാഘവൻ എം.പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ബൈപാസിലെ, പാച്ചാക്കിൽ, കുനിമ്മൽ താഴം, പാറമ്മൽ എന്നിവിടങ്ങളിൽ അടിപ്പാത സ്ഥാപിക്കുക, സ്റ്റാർകെയർ ഹോസ്പിറ്റൽ, ഗോശാലകൃഷ്ണ ക്ഷേത്രത്തിന് സമീപം, അത്താണി എന്നിവിടങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കുക, കൂടാത്തുംപാറയിൽ സർവീസ് റോഡിൽ പ്രവേശിക്കുന്നതിനും പുറത്തുപോകാനും സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. പനാത്ത്താഴം ഫ്‌ളൈ ഓവർ, സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിയിലുൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
പദ്ധതിരേഖ തയ്യാറാക്കുമ്പോൾ കോർപ്പറേഷനും സംസ്ഥാന സർക്കാരും കൃത്യമായ വിവരങ്ങൾ നൽകാത്തതാണ് പനാത്തുതാഴത്തെ പ്രശ്നത്തിന് കാരണം.
-എം.കെ.രാഘവൻ എം.പി
പ്രശ്നം ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്തിട്ടുണ്ട്. പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
-സ്വപ്ന കെ.ഒ,
ജന.സെക്രട്ടറി,
കാലിക്കറ്റ് യൂണി.സ്റ്റാഫ് ഓർഗനെെസേഷൻ