കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ഇല്ലാതെ ഒറ്റപ്പാലവും ഷൊർണൂരും

Tuesday 07 October 2025 1:47 AM IST
കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര സംഘം ഒറ്റപ്പാലം വഴി മലങ്കര ഡാം സന്ദർശിക്കാൻ പോയപ്പോൾ.

 നിവേദനവുമായി ഒറ്റപ്പാലത്തെ യാത്രാപ്രേമികൾ

ഒറ്റപ്പാലം: പാലക്കാട് ജില്ലയിൽ കെ.എസ്.ആർ.ടി.സി നടത്തി വരുന്ന ബഡ്ജറ്റ് ടൂറിസം സർവീസിന്റെ പ്രയോജനം കിട്ടാതെ ഒറ്റപ്പാലം, ഷൊർണൂർ മേഖലയിലെ യാത്രാ പ്രേമികൾ. നിലവിൽ പാലക്കാട്, മണ്ണാർക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്നാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിനോദ യാത്രകൾ സംഘടിപ്പിക്കുന്നത്. ഈ യാത്രകളെല്ലാം പാലക്കാട് വഴിയാണ്‌ പോകുന്നത്. ഒറ്റപ്പാലം മണ്ഡലത്തിലെ ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, അമ്പലപ്പാറ, അനങ്ങനടി, ലക്കിടി പഞ്ചായത്തിലുള്ളവർക്ക് പാലക്കാട്, മണ്ണാർക്കാട് ഡിപ്പോകളിൽ ചെന്നാൽ മാത്രമേ യാത്രയിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. ബഡ്ജറ്റ് ടൂറിസം സർവീസുള്ള ഡിപ്പോകളിൽ എത്തണമെങ്കിൽ 50 കിലോമീറ്ററിലധികം യാത്ര ചെയ്യണം. മിക്ക യാത്രകളും രാവിലെ 4നും 5നും ഇടയിലാണ് ആരംഭിക്കുന്നതും രാത്രി 12 കഴിഞ്ഞാണ് തിരിച്ചെത്തുന്നതും. ഈ സമയത്തു ബസുകൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് ഈ വിനോദ യാത്ര അപ്രാപ്യമായിരിക്കുകയാണ്. ഇതോടെയാണ് ഒറ്റപ്പാലം മേഖലയിലെ യാത്രാ പ്രേമികൾ മുൻകൈയ്യെടുത്ത് കെ.എസ്.ആർ.ടി.സിയുടെ മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് ശ്രീകൃഷ്ണപുരം, അമ്പലപ്പാറ, ഒറ്റപ്പാലം, വാണിയംകുളം, ഷൊർണൂർ വഴി ഇല്ലിക്കൽ കല്ല്, ഇലവീഴാം പൂഞ്ചിറ, മലങ്കര ഡാം യാത്ര സംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സിയുടെ ഈ വഴിയുള്ള യാത്ര നിരവധിപേർ ആവശ്യപ്പെടുന്നുണ്ട്. ഇത് ഷൊർണൂർ, പട്ടാമ്പി അസംബ്ലി മണ്ഡലത്തിലെ യാത്രക്കാർക്കും വലിയ സൗകര്യമാകും. ഈ മേഖല വഴിയുള്ള വിനോദ യാത്ര വിജയിപ്പിക്കാൻ യാത്രാപ്രേമികളുടെ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, ഷൊർണൂർ വഴിയും പാലക്കാട് നിന്ന് പത്തിരിപ്പാല, ലക്കിടി, ഒറ്റപ്പാലം, ഷൊർണൂർ വഴിയും തുടക്കത്തിൽ മാസത്തിൽ ഒരു യാത്ര ആരംഭിക്കാനും, തുടർന്ന് സാദ്ധ്യതയും, യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചു കൂടുതൽ യാത്രകൾ ആരംഭിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഒറ്റപ്പാലം മേഖലയിലെ യാത്രാ പ്രേമികൾ കെ.എസ്.ആർ.ടി.സി അധികൃതർക്കും, കെ.പ്രേംകുമാർ എം.എൽ.എ മുഖേന മന്ത്രി ഗണേഷ് കുമാറിനും നിവേദനം നൽകിയതായി യാത്രാ കൂട്ടായ്മക്ക്‌ നേതൃത്വം നൽകുന്ന എസ്.സഞ്ജീവ് ഒറ്റപ്പാലം പറഞ്ഞു.