നായകൾക്കെതിരേ നാടകം കളിച്ച നടനെ നായ കടിച്ചു

Tuesday 07 October 2025 12:00 AM IST

കണ്ണൂർ: തെരുവനായ ശല്യത്തിനെതിരെ ബോധവത്കരണ നാടകം കളിക്കുന്നതിനിടെ 'രംഗബോധമില്ലാതെ' അതിക്രമിച്ച് സ്റ്റേജിൽ കയറിയ തെരുവുനായ നടനെ കടിച്ചു. വിടാൻ ഭാവമില്ലെന്ന മട്ടിൽ നായ കുരച്ചുചാടി നാടകം 'മുടക്കാൻ' നോക്കിയെങ്കിലും നടൻ വിട്ടില്ല. വേദന കടിച്ചമർത്തി നാടകം പൂർത്തിയാക്കി. നാടക പ്രവർത്തകനായ മയ്യിൽ സ്വദേശി പി. രാധാകൃഷ്ണനാണ് (56) കടിയേറ്റത്.

നിറുത്താതെ കുരച്ചെത്തിയ നായ നാടകത്തിന്റെ ഭാഗമാണെന്ന് ആദ്യം കാണികൾ ധരിച്ചെങ്കിലും നടന് കടിയേറ്റതോടെ പന്തികേട് മണത്ത് അടിച്ചോടിച്ചു. കാൽമുട്ടിന് താഴെ നാലിടത്ത് കടിയേറ്റ രാധാകൃഷ്ണൻ ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുത്തു.

ഞായറാഴ്ച രാത്രി ഏഴിന് തെരുവുനായ ആക്രമണത്തിനെതിരെ തന്റെ ഏകപാത്ര നാടകമായ 'പേക്കാലം' അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണൻ. മയ്യിൽ കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാലയായിരുന്നു വേദി. നായ്ക്കളുടെ കുരയും കുട്ടിയുടെ കരച്ചിലും പശ്ചാത്തലമാക്കി തെരുവുനായയുടെ കടിയേറ്റ് നിലവിളിക്കുന്ന മകളെ രക്ഷിക്കാൻ അച്ഛൻ വടിയുമായി ഓടുന്ന രംഗം. 20 മിനിട്ട് നാടകത്തിലെ ഏറ്റവും നിർണായകമായ ഭാഗം. അതിനിടെ എവിടെ നിന്നോ എത്തിയ തെരുവുനായ സ്റ്റേജിൽ കയറി രാധാകൃഷ്ണന്റെ കാലിൽ കടിക്കുകയായിരുന്നു.

കടിയേറ്റിട്ടും നിറുത്തിയില്ല

നായയുടെ കടിയേറ്റിട്ടും പതറാതെ 10 മിനിട്ടോളം അഭിനയം തുടർന്നാണ് രാധാകൃഷ്ണൻ നാടകം പൂർത്തിയാക്കിയത്. തുടർന്ന് ചികിത്സയ്ക്കായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് സംഘാടകർ കൊണ്ടുപോയി. 30 വർഷമായി അമേച്വർ- തെരുവ് നാടക രംഗത്തുണ്ട് രാധാകൃഷ്ണൻ.

''കടിയേറ്റപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും നാടകത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. എത്രയും വേഗം ചികിത്സ തേടാതെ അഭിനയം തുടർന്നതിനെ ബന്ധുക്കൾ ഉൾപ്പെടെ വിമർശിക്കുന്നുണ്ടെങ്കിലും ശരിയെന്ന് തോന്നിയതാണ് ചെയ്തത്

-പി. രാധാകൃഷ്ണൻ