മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം അടഞ്ഞു,​ കോടതി രാഷ്ട്രീയ പോരാട്ട വേദിയല്ല: സുപ്രീം കോടതി

Tuesday 07 October 2025 12:00 AM IST

 10 ലക്ഷം പിഴയിടുമെന്ന് കുഴൽനാടന് മുന്നറിയിപ്പ്

ന്യൂഡൽഹി: മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാവിജയൻ തുടങ്ങിയവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആവശ്യം സുപ്രീംകോടതിയും തള്ളി. അഴിമതി നിരോധന നിയമം പ്രയോഗിച്ച് അന്വേഷിക്കണമെന്ന ഹർജി നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു.

കൂടുതൽ വാദമുഖങ്ങളിലേക്ക് കടക്കാൻ മാത്യു കുഴൽനാടന്റെ അഭിഭാഷകൻ ഗുരു കൃഷ്‌ണമൂർത്തിയെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, മലയാളി ജഡ്‌ജി കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചില്ല. കോടതിയെ രാഷ്ട്രീയ പോരാട്ടങ്ങൾക്കുള്ള വേദിയാക്കാൻ കഴിയില്ല. വോട്ടർമാരുടെ മുന്നിലാണ് പോരാടേണ്ടതെന്ന് പലവട്ടം പല ഹ‌ർജികളിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ചീഫ് ജസ്റ്രിസ് പറഞ്ഞു. വീണ്ടും വാദിക്കാൻ ശ്രമിച്ചതോടെ 10 ലക്ഷം രൂപ പിഴയിടുമെന്ന് കോടതി മുന്നറിയിപ്പു നൽകി. പിണറായി വിജയനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായെങ്കിലും വാദം പറയേണ്ടി വന്നില്ല. അതിനകം തന്നെ മാത്യു കുഴൽനാടന്റെ വാദം കേട്ട് ഹർജി തള്ളുകയായിരുന്നു. അതേസമയം, 2018ലെ പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ മാത്യു കുഴൽനാടൻ സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പരാമർശിച്ചു. അതിശയോക്തികൾ കലർന്ന സമീപനം മാത്യു കുഴൽനാടന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നും കൂട്ടിച്ചേർത്തു.

ചില വസ്‌തുതകൾ നിഷേധിക്കാൻ കഴിയാത്തതാണെന്ന് മാത്യു കുഴൽനാടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, സംശയങ്ങളല്ലാതെ തെളിയിക്കപ്പെട്ട വസ്‌തുതകളില്ലെന്ന് പറഞ്ഞാണ് ഹർജി തള്ളിയത്. ഹൈക്കോടതി തെറ്രു വരുത്തിയെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല.