ചെമ്പ് വില ആയിരം രൂപയിലേക്ക്
വ്യാവസായിക ഉപഭോഗം കരുത്തായി
കൊച്ചി: സ്വർണത്തിനും വെള്ളിക്കുമൊപ്പം ചെമ്പിന്റെ വിലയും കുതിക്കുന്നു. സ്വർണാഭരണങ്ങളിലെ ചേരുവയാണെങ്കിലും ചെമ്പിന്റെ വിലക്കയറ്റത്തിന് കാരണം ഇതല്ല. ലോകത്തിലെ രണ്ടാംനമ്പർ ചെമ്പുഖനിയായ ഇന്തോനേഷ്യയിലെ ഗ്രാസ്ബെർഗിൽ ഉത്പാദനം നിലച്ചതും ഇലക്ട്രിക് വാഹനങ്ങളുമാണ് ഡിമാൻഡ് കൂട്ടുന്നത്. ഇന്ത്യയിൽ ചെമ്പുവില കിലോയ്ക്ക് 974രൂപ വരെയെത്തി. 2020ലെ അപേക്ഷിച്ച് 357 രൂപയുടെ വർദ്ധന.
പ്രളയത്തിൽ വൻതോതിൽ ചെളിയടിഞ്ഞാണ് ഇന്തോനേഷ്യൻ ഖനിയുടെ പ്രവർത്തനം നിലച്ചത്. ഇതോടെ വിപണിയിൽ ഈ വർഷം രണ്ടരലക്ഷംടൺ ചെമ്പിന്റെ ലഭ്യത കുറയും. ഖനനം പുനരാരംഭിക്കാൻ സമയമെടുക്കുമെന്നതിനാൽ അടുത്തവർഷവും ക്ഷാമവും വിലക്കയറ്റവും ഉണ്ടായേക്കും.
ഇലക്ട്രിക് കാറിൽ
50 കിലോവരെ വേണം
#പെട്രോൾ, ഡീസൽകാറുകളിൽ ആവശ്യമുള്ളതിനേക്കാൾ മൂന്നിരിട്ടി ചെമ്പ് ഇലക്ട്രിക് കാറുകളിൽ വേണ്ടിവരുന്നു. 25 കിലോ മുതൽ 50 കിലോവരെ ചെമ്പാണ് ഒരു ഇലക്ട്രിക് വാഹനത്തിന് വേണ്ടത്. ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പ്രതിവർഷം 12 ലക്ഷം യൂണിറ്റാണ്. 2030ൽ 22 ലക്ഷമായി ഉയരും.
# ചെമ്പിന്റെ 60 ശതമാനവും വാങ്ങിക്കൂട്ടുന്നത് ചൈനയാണ്. കേബിൾ നെറ്റ്‌വർക്കുകൾ കൂടുന്നതും ചെമ്പിനെ കാർബൺ കണ്ടക്ടറുകൾക്ക് പകരം വയ്ക്കുന്നതും സോളാർ സംവിധാനങ്ങളുടെ പ്രചാരവും ഡിമാൻഡ് വർദ്ധിപ്പിച്ചു
ചെമ്പ് വില
(രൂപയിൽ, കിലോയ്ക്ക്)
2020....................... 617
2021........................776
2022....................... 820
2023...................... 782
2024...................... 814
2025..................... 974