എം.എം.സി ബാങ്കിനെ ഏറ്റെടുക്കാൻ പീപ്പിൾസ് അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക്
കൊച്ചി: മട്ടാഞ്ചേരി മഹാജനിക് കോ ഓപ്പറേറ്റീവ്(എം.എം.സി) ബാങ്കിനെ തൃപ്പൂണിത്തുറ പീപ്പിൾസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഏറ്റെടുക്കുന്നു. റിസർവ് ബാങ്കിന്റെ സൂപ്പർവൈസറി നിയന്ത്രണത്തിലായ എം.എം.സി ബാങ്കിന് ഏറെ ആശ്വാസമാകുന്ന നീക്കത്തിന് പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഹരി ഉടമകളുടെ വിശേഷാൽ പൊതുയോഗം അനുമതി നൽകി. എം.എം.സി ബാങ്കിലെ വിശേഷാൽ പൊതു യോഗവും പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുമായി ലയിക്കാനുള്ള തീരുമാനം അംഗീകരിച്ചു. മൂന്ന് മാസത്തിനുള്ളിൽ ലയനത്തിന് റിസർവ് ബാങ്ക് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയന ധാരണ പ്രകാരം എം.എം.സിയുടെ രണ്ട് ഓഹരികൾക്ക് പീപ്പിൾസ് അർബൻ ബാങ്കിന്റെ ഒരു ഓഹരി ലഭിക്കും. ലയനത്തോടെ പീപ്പിൾസ് അർബൻ ബാങ്കിന് മട്ടാഞ്ചേരി ഭാഗത്തും പ്രവർത്തനം സാദ്ധ്യമാകും. എം.എം.സി ബാങ്കിന്റെ അഞ്ച് ശാഖകളും ചേരുന്നതോടെ പീപ്പിൾസ് അർബൻ ബാങ്കിന്റെ ശാഖകളുടെ എണ്ണം 28 ആയി ഉയരും. പീപ്പിൾസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രാതിനിധ്യ പൊതുയോഗത്തിൽ ബാങ്ക് ചെയർമാൻ ടി.സി ഷിബു, വൈസ് ചെയർമാൻ സോജൻ ആന്റണി, ഡയറക്ടർ അഡ്വ. എസ്. മധുസൂദനൻ, സി.ഇ.ഒ കെ ജയപ്രസാദ് എന്നിവർ പങ്കെടുത്തു.