വ്യാഴാഴ്ച മുതല്‍ ഈ ട്രെയിന്‍ സര്‍വീസില്‍ മാറ്റം; നിരവധി യാത്രക്കാര്‍ക്ക് ഗുണകരമാകും

Monday 06 October 2025 10:56 PM IST

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ കണ്ണൂര്‍ - തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി (12081, 12082) ട്രെയിനിന് സ്റ്റോപ് അനുവദിച്ചിരുന്നു. പുതിയ സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുന്നത് ഒക്ടോബര്‍ ഒമ്പത് (വ്യാഴാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ 9ന് വൈകുന്നേരം തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള സര്‍വീസിലാണ് ജനശതാബ്ദി എക്‌സ്പ്രസ് ആദ്യമായി ചങ്ങനാശ്ശേരി സ്റ്റോപ്പില്‍ നിര്‍ത്തുന്നത്.

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് യാഥാര്‍ഥ്യമാകുന്നതോടുകൂടി ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകുമെന്നതാണ് നേട്ടം. മുമ്പ് മന്നം ജയന്തി ദിനത്തില്‍ മാത്രമാണ് ഈ ട്രെയിന്‍ താത്കാലികമായി ചങ്ങനാശേരിയില്‍ നിര്‍ത്തിയിരുന്നത്.

റെയില്‍വേ ബോര്‍ഡിലും മന്ത്രാലയത്തിലും നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് ഈ തീരുമാനമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരിയില്‍ ട്രെയിനിന് സ്റ്റോപ്പ് ഇല്ലാത്തത് കാരണം മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോട്ടയത്ത് ഇറങ്ങി റോഡ് മാര്‍ഗം ബാക്കി യാത്ര തുടരേണ്ട സ്ഥിതിയായിരുന്നു. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ ബുദ്ധിമുട്ടാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടത്.

പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ ജനശതാബ്ദിക്ക് സ്റ്റോപ്പുള്ളത്. ഉച്ചയ്ക്ക് 2.50ന് ആണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങുന്നത്. രാത്രി 12.50ന് ആണ് കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്നത്.