സത്യാഗ്രഹികൾ എങ്ങനെ സഭയ്ക്കകത്ത്:മന്ത്രി രാജീവ്

Tuesday 07 October 2025 12:02 AM IST

തിരുവനന്തപുരം:നിയമസഭാ കവാടത്തിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തിയ രണ്ട് എം.എൽ.എ.മാർ എങ്ങനെ,എപ്പോൾ സഭയ്ക്കകത്ത് എത്തിയെന്ന് നിയമമന്ത്രി പി.രാജീവ്.

ഇന്നലെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ നടുത്തളത്തിൽ ബാനറും പ്ളക്കാർഡുകളമായി ബഹളമുണ്ടാക്കുന്നതിനിടയിലാണ് മന്ത്രി രാജീവിന്റെ പരിഹാസം.കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്തെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ശക്തമായ പ്രക്ഷോഭത്തിലേക്കു കടന്നതിന്റെ ഭാഗമായാണ് യുഡിഎഫ് നിയമസഭയ്ക്കുള്ളിലും വിഷയം കടുപ്പിച്ചത്.സെപ്തംബർ 16 മുതലാണ് ചാലക്കുടി എംഎൽഎ സനീഷ്‌കുമാർ ജോസഫും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫും നിയമസഭാ കവാടത്തിൽ സത്യഗ്രഹമിരുന്നത്.സഭാ സമ്മേളനം 19ന് താൽക്കാലികമായി നിറുത്തി വച്ചപ്പോൾ സത്യഗ്രഹവും താൽക്കാലികമായി നിറുത്തി.എന്നാൽ സമ്മേളനം 29ന് പുനരാംഭിച്ചപ്പോൾ എം.എൽ.എ.മാരുടെ സത്യഗ്രഹം പുനരാരംഭിച്ചില്ല.ഇതേ കുറിച്ച് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞതുമില്ലെന്ന് മന്ത്രി രാജീവ് പരിഹസിച്ചു.