പത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ, ബാക്കി സ്വർണത്തെ കുറിച്ച് പരാമർശം
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണത്തെപരാമർശിച്ചുകൊണ്ട് വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പാേറ്റി ദേവസ്വം മുൻ പ്രസിഡന്റ് എ.പത്മകുമാറിന് അയച്ച ഇ-മെയിൽ വിജിലൻസ് വീണ്ടെടുത്തതോടെ ഇരുവരുടെയും വാദങ്ങൾ പൊളിഞ്ഞു. പത്മകുമാർ കൂടുതൽ സംശയനിഴലിലായി. തനിക്ക് കിട്ടിയത് ചെമ്പു പാളികൾ മാത്രമെന്നാണ് ഉണ്ണികൃഷ്ണൻ പാേറ്റി വാദിച്ചിരുന്നത്. തന്റെ ഭരണകാലത്ത് അയ്യപ്പന്റെ ഒരുതരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പത്മകുമാറിന്റെ വാദം.
എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇ.മെയിൽ ഇപ്രകാരമാണ്: വിജയ് മല്യ സ്വർണം പൊതിഞ്ഞ് നൽകിയ ദ്വാരപാലക ശിൽപ്പത്തിന്റെ അറ്റകുറ്റപ്പണി നടത്തിയശേഷം മല്യ നൽകിയ സ്വർണത്തിൽ കുറച്ച് തന്റെ പക്കൽ അധികമുണ്ട്. ഇത് നിർദ്ധനയുവതിയുടെ വിവാഹത്തിന് ഉപയോഗിക്കാമോ? പത്മകുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ഇതിൽ വ്യക്തമാണ്.
ഉദ്യോഗസ്ഥരിൽ ചാരി
രക്ഷപ്പെടാനാവില്ല
ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൊടുത്തയച്ചത് ചെമ്പ് പാളി എന്നത് ഉദ്യോഗസ്ഥർ നൽകിയ വിവരമാണെന്ന് പറഞ്ഞ് മുൻ ദേവസ്വം ഭരണസമിതിക്ക് രക്ഷപ്പെടാനാവില്ല. 1998 ൽ വിജയ്മല്യ ശബരിമല ക്ഷേത്ര ശ്രീകോവിൽ, ദ്വാരപാലക ശിൽപ്പങ്ങൾ, വാതിൽപ്പടി, ശ്രീകോവിലിന് മുന്നിൽ നേർച്ചയിടുന്ന ഹുണ്ടി, അയ്യപ്പചരിതം എന്നിവ സ്വർണം പൊതിഞ്ഞ് നൽകിയ വിവരം ദേവസ്വം രേഖകളിലുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ 2019 ൽ പ്രസിഡന്റായിരുന്ന പത്മകുമാറിനും ഭരണസമിതിക്കും അതറിയില്ലായിരുന്നു എന്ന് പറയാനാവില്ല.
മെയിൽ കണ്ടില്ലെന്ന് പത്മകുമാർ
ദേവസ്വം പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ഒട്ടേറെ ആളുകൾ മെയിൽ അയച്ചിട്ടുണ്ടാവുമല്ലോ, ഇങ്ങനെ ഒരു മെയിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എനിക്കറിഞ്ഞുകൂടാ, നോക്കാം. എനിക്ക് മെയിൽ അയച്ചിട്ടുണ്ടെന്നോ, ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നോ ഞാൻ അയാളുമായി വിദേശയാത്ര നടത്തിയിട്ടുണ്ടെന്നോ ഒക്കെ അന്വേഷണത്തിൽ തെളിയട്ടെയെന്നും എ.പത്മകുമാർ പ്രതികരിച്ചു.
`കോടതി സമഗ്ര അന്വേഷണത്തിന് ടീമിനെ നിയോഗിച്ച് കഴിഞ്ഞു. ബോർഡും സർക്കാരും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സത്യം പുറത്തുവരട്ടെ. വിജിലൻസ് എസ്.പിയുടെ റിപ്പോർട്ട് അനുസരിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെട്ടാൽ കർശന നടപടിയുണ്ടാകും.`
-പി.എസ് പ്രശാന്ത്
പ്രസിഡന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്