ഗവർണറെയും വൈസ് ചാൻസലറെയും ഒതുക്കാനുള്ള ബില്ലുകൾ സഭയിൽ
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും വഴങ്ങാത്ത വൈസ് ചാൻസലർമാരെയും ഒതുക്കാനുള്ള ബില്ലുകളുമായി സർക്കാർ നിയമസഭയിൽ.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലറായ ഗവർണർക്കുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കാൻ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതികവിദ്യ നൂതന വിദ്യ സർവകലാശാല ബില്ലും സർക്കാർ നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റുകൾക്ക് വൈസ് ചാൻസലറെക്കാൾ അധികാരം നൽകുന്നതിനായി സർവകലാശാല മൂന്നാം നമ്പർ, നാലാം നമ്പർ ഭേദഗതികളുമാണ് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചത്. മന്ത്രി പി. രാജീവാണ് ഡിജിറ്റൽ സർവകലാശാല ബിൽ അവതരിപ്പിച്ചത്. സർവകലാശാല മൂന്നും നാലും ബില്ലുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദുവും അവതരിപ്പിച്ചു.
ഡിജിറ്റൽ സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം യു.ജി.സി. മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ച് നടത്താൻ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ വിധികളും നിർദ്ദേശങ്ങളും കണക്കിലെടുത്ത് സർവകലാശാല ഭരണം കൂടുതൽ സുതാര്യവും ജനാഭിമുഖ്യവും ആക്കാനാണ് നീക്കം.
ചില വി.സിമാർ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനമെടുക്കുന്നതും സ്വന്തം അധികാര പരിധി മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നതും ചെയ്യുന്നത് സർവകലാശാലകളിൽ പ്രതിസന്ധിയുണ്ടാക്കാനിടയുണ്ടെന്നും അത് തടയുകയാണ് ലക്ഷ്യമെന്നും ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് മന്ത്രി ഡോ.ബിന്ദു പറഞ്ഞു. മൂന്ന് ബില്ലകളും സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
സിൻഡിക്കേറ്റ് അധികാര കേന്ദ്രമാവും
#നാല് അഫിലിയേറ്റഡ് സർവകലാശാലകളിലും മൂന്ന് യൂണിറ്ററി സർവകലാശാലകളിലും ഒരു ഓപ്പൺ യൂണിവേഴ്സിറ്റിയിലും വൈസ് ചാൻസലർമാർക്കുള്ള അധികാരം വെട്ടിക്കുറച്ച് പരീക്ഷാനടത്തിപ്പ്, മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം,കരിക്കുലം പരിഷ്ക്കരണം തുടങ്ങിയവയിൽ സിൻഡിക്കേറ്റിന് കൂടുതൽ അധികാരം നൽകുന്നതിനാണ് സർവകലാശാല മൂന്നാം നമ്പർ,നാലം നമ്പർ ബില്ലുകൾ.
#നിലവിൽ മൂന്ന് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് വിളിച്ചാൽ മതി.അതും വൈസ് ചാൻസലർക്ക് ഇഷ്ടമുണ്ടെങ്കിൽ. കൂടുതൽ അധികാരം വി.സി.ക്കാണ്. തീരുമാനങ്ങൾക്ക് പിന്നീട് സിൻഡിക്കേറ്റ് അംഗീകാരം നേടിയാൽ മതിയാകും.
പുതിയ ബിൽ നിയമമായാൽ, സിൻഡിക്കേറ്റിലെ മൂന്നിലൊന്ന് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഏഴുദിവസത്തിനകം വി.സി.സിൻഡിക്കേറ്റ് വിളിച്ചിരിക്കണം.വി.സി.യുടെഇഷ്ടമനുസരിച്ച് സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നതിന് പകരം സിൻഡിക്കേറ്റിന്റെ ഇഷ്ടം അനുസരിച്ച് വി.സി.പ്രവർത്തിക്കണം.
#ഡിജിറ്റൽ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും അതിൽ ആരെയെക്കെ ഉൾപ്പെടുത്താം, എപ്പോൾ, എങ്ങനെ രൂപീകരിക്കണം എന്നെല്ലാം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വൈസ് ചാൻസലറുടെ പ്രായപരിധി 70ആക്കും. നാലുവർഷമാണ് കാലാവധി എന്നും വ്യവസ്ഥയുണ്ട്. നിലവിൽ സെർച്ച് കമ്മിറ്റിരൂപീകരണത്തിൽ ചാൻസലറായ ഗവർണർക്കാണ് മേൽകൈ. ബിൽ നിയമമായാൽ അതു സംസ്ഥാന സർക്കാരിനാകും.