സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള വായ്പാപരിധി ഉയർത്തും:മന്ത്രി

Tuesday 07 October 2025 12:19 AM IST

തിരുവനന്തപുരം: വായ്പാപരിധി കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് പ്രയോജനപ്പെടാൻ പാകത്തിൽ ഉയർത്തുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. സ്‌കെയിൽ അപ്പിനായി നൽകുന്ന വായ്പത്തുകയുടെ പരിധി 3 കോടി രൂപയായും പർച്ചേസ് ഓർഡറുകൾ നടപ്പിലാക്കുന്നതിനും വെഞ്ച്വർ ഡെബ്റ്റ് ഫണ്ടിംഗിനായി നൽകുന്ന വായ്പാപരിധി 15 കോടി രൂപയായി ഉയർത്താനും പദ്ധതിയുണ്ട്.കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി ലഭ്യമാക്കുന്ന വായ്പാ പദ്ധതികളായ സി.എം.ഇ.ഡി.പി, സ്റ്റാർട്ടപ്പ് കേരള, കെ.എ.എം.എസ് തുടങ്ങിയവ സ്റ്റാർട്ടപ്പ് സംരംഭകർക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നവയാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയിലൂടെ 3183 സംരംഭങ്ങൾക്കായി 1121.02 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. 82,700 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2025–26 സാമ്പത്തിക വർഷത്തിൽ 500 പുതിയ സംരംഭങ്ങൾക്ക് കൂടി പിന്തുണ നൽകും. കെ.എഫ്.സി സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 77 കമ്പനികൾക്കായി 97.72 കോടി രൂപ വായ്പ നൽകി. കെ.എഫ്.സി കാർഷികാധിഷ്ഠിത എം.എസ്.എം.ഇ വായ്പാ പദ്ധതിയിൽ 41 യൂണിറ്റുകൾക്ക് 95.13 കോടി രൂപ വായ്പ നൽകിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.