നെല്ല് കുടിശ്ശിക തീർത്തു, ശേഷിക്കുന്നത് 175പേർ മാത്രം

Tuesday 07 October 2025 12:02 AM IST

മലപ്പുറം: ജില്ലയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാനുള്ളത് 175 കർഷകർക്ക് മാത്രം. പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) വഴി വായ്പ അനുവദിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സപ്ലൈകോ പൂ‌‌ർത്തിയാക്കിയിട്ടും ഇവർ ബാങ്കിനെ സമീപിച്ചിട്ടില്ല. 2024-25 സീസണിൽ ജില്ലയിലെ 9,000ത്തോളം കര്‍ഷകരില്‍ നിന്നായി 34 ടണ്ണോളം നെല്ലാണ് സംഭരിച്ചത്. ഇവർക്ക് 20 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള സംഭരണ വില കിട്ടുന്നതിലെ കാലതാമസം മറികടക്കാനായി എസ്.ബി.ഐ, കനറ ബാങ്ക് എന്നിവയുമായി സഹകരിച്ച് പി.ആര്‍.എസ് വായ്പ വഴിയാണ് കർഷകരുടെ തുക അനുവദിച്ചത്. പി.ആര്‍.എസ് ഈടായി സ്വീകരിച്ചാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. ഇതിന്റെ പലിശ സഹിതം സപ്ലൈകോ അടയ്ക്കും. പി.ആർ.എസ് വഴി വായ്പ അനുവദിക്കുന്നത് അറിയിച്ചിട്ടും തുടർ‌നടപടി കൈകൊള്ളാത്തവരാണ് ശേഷിക്കുന്ന 175 പേർ. ഇതിൽ 132 പേർക്ക് എസ്.ബി.ഐയും 43 പേർക്ക് കനറ ബാങ്കുമാണ് വായ്പ അനുവദിക്കേണ്ടത്. ഇതിനുള്ള നടപടിക്രമങ്ങളെല്ലാം സപ്ലൈകോ പൂർത്തിയാക്കിയിട്ടുണ്ട്. 2024-25 വ‌ർഷത്തെ നെല്ല് സംഭരണ വിലയിലെ കുടിശ്ശിക നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം പൂർണ്ണമായും അനുവദിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചുള്ള നെല്ല് സംഭരണത്തില്‍ 23 രൂപയാണ് കേന്ദ്രം നല്‍കുന്ന താങ്ങുവില. സംസ്ഥാന ബോണസായി 5.20 രൂപയുമടക്കം 28.20 രൂപയാണ് ഒരുകിലോ നെല്ലിന്റെ സംഭരണ വില. കൂടാതെ 12 പൈസ ഹാൻഡിലിംഗ് ചാർജ്ജായും നൽകും. കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

സംഭരണം അടുത്ത ആഴ്ച

ഈ സീസണിലെ ഒന്നാംവിള നെല്ല് സംഭരണം അടുത്ത ആഴ്ച തുടങ്ങും. കിലോയ്ക്ക് 28.32 രൂപ നിരക്കിലാണ് ഇത്തവണയും നെല്ല് സംഭരിക്കുക. തുക വർദ്ധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ജില്ലയില്‍ പൊന്നാനി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിക്കാറുള്ളത്. പൊന്നാനി കോള്‍ മേഖലയില്‍ 60 പാടശേഖരങ്ങളുണ്ട്. 6,500 ഓളം കര്‍ഷകരുണ്ട്. 12,600 ടണ്‍ നെല്ലാണ് ഇവിടെ നിന്ന് സംഭരിച്ചത്.

സംഭരിച്ച നെല്ലിന്റെ വില എല്ലാ ക‌ർഷകർക്കും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകൾ സമയബന്ധിതമായി തന്നെ ലോണുകൾ അനുവദിക്കുന്നുണ്ട്.

എം. ദിവ്യ, നെല്ല് സംഭരണ ഓഫീസർ, സപ്ലൈകോ