വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് ബിഹേവിയര്‍ വാക്‌സിനുമായി ജില്ലാ പഞ്ചായത്ത്
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിജയഭേരി വിജയപഥം എന്ന പേരില്‍ പ്രത്യേക മാനസികാരോഗ്യ പിന്തുണാ പദ്ധതി 'ബിഹേവിയര്‍ വാക്‌സിന്‍' സ്‌കൂളുകളില്‍ നടപ്പിലാക്കുന്നു. ഒരു മെഡിക്കല്‍ വാക്‌സിന്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതുപോലെ, ബിഹേവിയര്‍ വാക്‌സിന്‍ കുട്ടികളെ വൈകാരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മാനസിക സമ്മര്‍ദ്ദം, സമപ്രായക്കാരുടെ പ്രശ്‌നങ്ങള്‍, പഠന വിമുഖത, വിഷാദരോഗങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം, സ്‌ക്രീന്‍ ദുരുപയോഗം ഉള്‍പ്പെടെ ഇന്ന് വിദ്യാലയ ജീവിതത്തില്‍ കണ്ടു വരുന്ന മറ്റ് നിരവധി വെല്ലുവിളികളെ നേരിടാന്‍ മാനസികമായും വൈകാരികമായും വിദ്യാര്‍ത്ഥികളെ ശക്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടമായ ജെ.ആര്‍.സി കൗണ്‍സിലര്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ ആസൂത്രസമിതി ഓഫീസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ നസീബ അസീസ് അദ്ധ്യക്ഷത വഹിച്ചു. വികസന കമ്മിറ്റി അദ്ധ്യക്ഷ സെറീന ഹസീബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി അബ്ദുറഹ്മാന്‍, റൈഹാനത്ത് കുറുമാടന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റഫീഖ്, എസ്.എസ്.കെ ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുല്‍ സലീം, ജെ.ആര്‍.സി ജില്ലാ കോ-ഓർഡിനേറ്റര്‍ ഷഫ്‌ന, ഷാഫി എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.റഹീമുദ്ദീന്‍, വിജയഭേരി കോ-ഓർഡിനേറ്റര്‍ ടി.സലീം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ആരോഗ്യകരമായ ശീലങ്ങൾ
- വിദ്യാലയങ്ങളിലും ഗൃഹാന്തരീക്ഷത്തിലും കുട്ടികള്‍ക്ക് നല്‍കുന്ന ആരോഗ്യകരമായ ജീവിതശീലങ്ങള്‍, ജീവിത നൈപുണ്യങ്ങള്‍, പോസിറ്റീവ് ചിന്തകള്‍, ഉറക്കത്തിന്റെ ക്രമീകരണം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക, പരാജയത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുക, അവരുടെ വൈകാരിക പ്രശ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് ബിഹേവിയര്‍ വാക്‌സിന്‍.
- കോഴിക്കോട് മെന്റല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. റഹീമുദ്ധീനാണ് ഈ പദ്ധതിക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിന് വേണ്ടി നേതൃത്വം നല്‍കുന്നത്.
- ജില്ലാ ഹൈസ്‌കൂള്‍ ജെ.ആര്‍.സി കേഡറ്റുകളിലൂടെ പിയര്‍ ടീച്ചിംഗ് രീതിയിലാണ് പദ്ധതി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക.
- സ്‌കൂള്‍ ജെ.ആര്‍.സി കൗണ്‍സിലര്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.