കൊണ്ടോട്ടി താലൂക്ക് ആശുപത്രി: മാർച്ചിന് മുമ്പ് കെട്ടിടം പ്രവർത്തന സജ്ജമാകും
കൊണ്ടോട്ടി: 36.19 കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം മാർച്ചിന് മുമ്പ് പ്രവർത്തന സജ്ജമാകും. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കുകയാണെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗം വിലയിരുത്തി. ആശുപത്രിയിലേക്കുള്ള ഉപകരണങ്ങളും ഫർണ്ണിച്ചറുകളും വാങ്ങുന്നതിനായി എട്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെയും മെഡിക്കൽ കോർപ്പറേഷന്റെയും നേതൃത്വത്തിൽ നടപടി തുടങ്ങി. ആശുപത്രി കെട്ടിടത്തിന്റെ സ്ട്രക്ചറൽ പ്രവൃത്തികൾ നവംബർ ആദ്യവാരത്തിൽ പൂർത്തിയാക്കും. തേപ്പ്, ടൈൽ വർക്ക് അടക്കമുള്ള പ്രധാന പ്രവൃത്തികൾ ഫെബ്രുവരി അവസാനത്തോടെ തീർത്ത് കെട്ടിടം പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം. കെട്ടിടത്തിന്റെ കരാർ ഏറ്റെടുത്ത മാസ്റ്റർ ടെക് എം.ഡി കരാറിൽ നിശ്ചയിച്ച അവസാന തീയതിക്ക് മുമ്പ് തന്നെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് യോഗത്തിൽ ഉറപ്പുനൽകി. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിനൊപ്പം വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെതടക്കമുള്ള തസ്തികകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത എം.എൽ.എ സർക്കാരിന് മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇതിനായുള്ള പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് സെപ്റ്റംബർ 16ന് നിയമസഭയിൽ രേഖാമൂലം അറിയിച്ചതനുസരിച്ച്, ആശുപത്രിയിലേക്ക് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുന്നതിനായി ഗ്യാപ്പ് അനാലിസിസ് നടത്തി ശുപാർശ തയ്യാറാക്കുന്ന നടപടികൾ ഡയറക്ടറേറ്റ് തലത്തിൽ പുരോഗമിക്കുകയാണെന്നു അറിയിച്ചിട്ടുണ്ട്.