വനിതാ ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം

Tuesday 07 October 2025 12:10 AM IST

ഇൻഡോർ : ന്യൂസിലാൻഡിന് എതിരായ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ആറുവിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക . ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ടീം 47.5 ഓവറിൽ 231 റൺസിന് ആൾഔട്ടാവുകയായിരുന്നു.മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ് നഷ്‌ടത്തിൽ 40.5 ഓവറിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ താസ്മിൻ ബ്രിറ്റ്സും (89പന്തുകളിൽ 15 ഫോറും 1 സിക്സുമടക്കം 101 റൺസ്), അർദ്ധസെഞ്ച്വറി നേടിയ സുനേ ലസും (89 നോട്ടൗട്ട്) ചേർന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ ടൂർണമെന്റിലെ ആദ്യ വിജയം നൽകിയത്. താസ്മിനാണ് പ്ളേയർ ഒഫ് ദ മാച്ച്.

98 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം 85 റൺസ് നേടിയ സോഫിയ ഡിവൈനും 37പന്തുകളിൽ 45 റൺസ് നേടിയ ബ്രൂക്ക് ഹള്ളിഡേയും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 86 റൺസാണ് കിവീസിന് കരുത്തായത്. ജോർജിയ പ്ളിമ്മർ 31 റൺസും അമേലിയ ഖെർ 23 റൺസും നേടിയതൊഴിച്ചാൽ മറ്റുള്ളവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നോൺകുലുലെക്കോ മ്ളാബ പത്തോവറിൽ 40 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

ഇന്നത്തെ മത്സരം : ബംഗ്ളാദേശ് Vs ഇംഗ്ളണ്ട്