ചുണ്ട് കടിച്ചുകീറി പേപ്പട്ടി
Tuesday 07 October 2025 12:13 AM IST
എഴുകോൺ: ഇടയ്ക്കിടം ഗുരുനാഥൻമുകളിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ രണ്ട് കർഷക തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടാരക്കര കുളക്കട ലക്ഷംവീട്ടിൽ ശിവാനന്ദൻ (55), ഗുരുനാഥൻ മുകൾ ധനേഷ് ഭവനിൽ യശോധരൻ (69) എന്നിവർക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച രാവിലെ 9.30 നാണ് സംഭവം. ശിവാനന്ദൻ ഗുരുനാഥൻമുകൾ കാവറോട് ഭാഗത്ത് ചതുക്കോലിൽ വിജയന്റെ കൃഷിയിടത്തിൽ വേല ചെയ്യാനെത്തിയതായിരുന്നു. ഇയാളുടെ ചുണ്ടിലും മുഖത്തും കൈയിലും കടിയേറ്റു. കീഴ്ചുണ്ട് രണ്ടായി മുറിഞ്ഞ നിലയിലാണ്.
യശോധരനെ കടിച്ച ശേഷം ഓടിപ്പോയ നായയാണ് കൃഷിയിടത്തിലെത്തി ശിവാനന്ദനെ ആക്രമിച്ചത്. പ്രദേശത്തെ ഒട്ടനവധി നായകൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. ഓടികൂടിയ നാട്ടുകാർ പേപ്പട്ടിയെ തല്ലിക്കൊന്നു. ശിവാനന്ദൻ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.