നീറ്റ് പി.ജി വിദ്യാർത്ഥികളുടെ ഡാറ്റ ചോർന്നു?

Tuesday 07 October 2025 12:42 AM IST

കൊച്ചി: നീറ്റ് പി.ജി കൗൺസലിംഗ് അനന്തമായി നീളുന്നതിനിടെ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾക്കു ചോർന്നു കിട്ടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. പരീക്ഷ എഴുതിയ ചില വിദ്യാർത്ഥികൾക്ക് പണം നൽകിയാൽ പകരം എം.ഡി/ എം.എസ്‌ സീറ്റുകൾ വാഗ്ദാനം ചെയ്തുള്ള ഫോൺ കോളുകൾ എത്തിയതോടെയാണ് സംശയമുയർന്നത്. ഇത്തരത്തിൽ കോളുകൾ ലഭിച്ച വിദ്യാർഥികൾ X ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇക്കാര്യം വ്യക്തമാക്കി പോസ്റ്റുകൾ പങ്കുവച്ചു.

പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെയും നാഷണൽ ബോർഡ്‌ ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിന്റെയും (NBEMS) കൈവശമാണുള്ളത്. ഇവരിൽ നിന്ന് ഡാറ്റാ എങ്ങനെ സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾക്ക് ലഭിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. പരീക്ഷ നടത്തിപ്പ്, ഫലം പ്രഖ്യാപിക്കൽ എന്നീ പരിമിതമായ ഉത്തരവാദിത്വങ്ങൾ മാത്രമേ തങ്ങൾക്കുള്ളൂ എന്നാണ് ബോർഡിന്റെ വിശദീകരണം.