ഇരിപ്പിടമൊരുക്കാതെ വൻകിട വാണിജ്യ സ്ഥാപനങ്ങൾ: നടുവേദന സഹിച്ച് ജീവനക്കാർ
തിരുവനന്തപുരം:വൻകിട വാണിജ്യ സ്ഥാപനങ്ങളിലെ ബില്ലിംഗ് ജീവനക്കാരുടെ അടിസ്ഥാന സൗകര്യമായ ഇരിപ്പിടം നിഷേധിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായി പഠന റിപ്പോർട്ട്. ഡോ.ലിമ രാജിന്റെ നേതൃത്വത്തിൽ കാലടി സംസ്കൃത സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
46.7% പേർക്കും വിട്ടുമാറാത്ത നടുവേദന ഉള്ളതായി കണ്ടെത്തി.സൂപ്പർമാർക്കറ്റ്,ഫാസ്റ്റ് ഫുഡ് ഔട്ലെറ്റുകൾ,മാളുകൾ,വസ്ത്രശാലകൾ എന്നിവിടങ്ങളിൽ ഒരു ദിവസം ശരാശരി 6 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി ബില്ലിംഗ് കൗണ്ടറിൽ നിന്ന് ജോലി ചെയ്യേണ്ടി വരും.
ഇരിപ്പിടം നൽകുന്നത് സംബന്ധിച്ച് പ്രത്യേകിച്ച് നിയമമോ മാർഗരേഖയോ ഇല്ലാത്തതിനാൽ രാജ്യവ്യാപകമായി ഈ സ്ഥിതിവിശേഷം തുടരുകയാണ്.പഠന റിപ്പോർട്ട് മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി.പഠനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലുള്ള തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരോട് നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ഭൂരിപക്ഷവും സ്ത്രീകളാണ്. നിന്നു ജോലി ചെയ്യുന്നവരിൽ മുട്ട് വേദന,നടു വേദന,കാലിലെ പേശി വലിവ് എന്നിവ ഉണ്ടാകുന്നതായി സർവേയിൽ വ്യക്തമായി.
ഒരിക്കലെങ്കിലും ഇരിപ്പിടം ആവശ്യപ്പെട്ടവർ 33.3
തുടർച്ചയായി നിൽക്കുന്നതുകൊണ്ട് 66.7% പേർക്കും ജോലിയിൽ പിഴവുകൾ സംഭവിക്കുന്നതായി ജീവനക്കാർ സമ്മതിക്കുന്നു.ഒരിക്കലെങ്കിലും ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ടവർ 33 ശതമാനമാണ്. ഇരിപ്പിടമില്ലാത്ത അവസ്ഥയെക്കുറിച്ച് ചോദിച്ച് ഇതുവരെ സർക്കാർ സംവിധാനങ്ങൾ സമീപിച്ചിട്ടില്ല.
അഭിനന്ദിച്ച് മനുഷ്യാവകാശ കമ്മിഷൻ
വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന റിപ്പോർട്ട് പ്രധാനപെട്ട സംഭാവനയാണെന്ന് മനുഷ്യവകാശ കമ്മിഷൻ വിലയിരുത്തി.അടിയന്തര പരിഹാരങ്ങൾ നടപ്പാക്കുമെന്നും കമ്മിഷൻ അറിയിച്ചു
ജോലിചെയ്യുന്ന ശരാശരി സമയം............................................ജോലി ചെയ്യുന്നവർ
8-12 മണിക്കൂർ......................................................................... 53.3%
6-8 മണിക്കൂർ .......................................................................... 26.7%
4-6 മണിക്കൂർ ........................................................................... 20%
അസുഖം.........................................................................ബാധിച്ചവരുടെ എണ്ണം
നടുവേദന.............................................................................. 46.7%
കാലിലെ പേശിവലിവ് ..................................................... 33.3%
മുട്ട് വേദന ........................................................................ 20%
പഠന റിപ്പോർട്ട് ലേബർ കമ്മിഷന്റെ പരിഗണനയിലാണ്
- വി.ശിവൻകുട്ടി
തൊഴിൽ വകുപ്പ് മന്ത്രി
അക്കാഡമിക പ്രവർത്തനങ്ങൾ സമൂഹ നന്മയ്ക്കും അവകാശ ലംഘനങ്ങൾ നേരിടുന്നവർക്കായി ശബ്ദമുയർത്താനും കൂടിയാവണം. വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള ഇത്തരം ഗവേഷണ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
പ്രൊഫ.കെ.കെ.ഗീതകുമാരി
വൈസ് ചാൻസലർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല