കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടുമെന്ന് എയർഇന്ത്യ
തിരുവനന്തപുരം:2026ഓടെ കേരളത്തിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സർവീസുകളുടെ എണ്ണം 245 ആയും വർദ്ധിപ്പിക്കുമെന്നും വിമാന സർവീസുകളിൽ താൽക്കാലിക വെട്ടിക്കുറവാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. ഒക്ടോബർ അവസാനം മുതൽ മാർച്ച് 26 വരെ നീണ്ടു നിൽക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളിൽ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴാണ് അധികൃതരുടെ പ്രതികരണം.കേരളത്തിന്റെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തിൽ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ്പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും ഇത്തരം കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനം എടുക്കാതിരിക്കാൻ സംസ്ഥാന സർക്കാരുമായി കൂടിയാലോചനാ സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.തിരുവനന്തപുരം,കണ്ണൂർ എയർപോർട്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എയർപോർട്ട് അധികാരികളുമായി ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ചുമതലപ്പെടുത്തി.യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ,എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൻ അഗർവൾ,എം.ഡി അലോക് സിംഗ്,വൈസ് പ്രസിഡന്റ് അഭിഷേക് ഗാർഗ്,അസോസിയേറ്റ് വൈസ് പ്രസിഡന്റ് പി.ജി പ്രഗീഷ് തുടങ്ങിയവർ പങ്കെടുത്തു.