സാഹിത്യ അക്കാഡമി സാഹിത്യോത്സവം: ചെലവ് 38 ലക്ഷം; സാഹിത്യം പുറത്ത്, രാഷ്ട്രീയം അകത്ത്
തൃശൂർ: സാഹിത്യ സംവാദങ്ങളേക്കാൾ രാഷ്ട്രീയ വിവാദങ്ങൾ അരങ്ങുവാണ സാഹിത്യ അക്കാഡമിയുടെ സാർവദേശീയ സാഹിത്യോത്സവം രണ്ടാം പതിപ്പിന് ചെലവിട്ടത് 38.65 ലക്ഷം. ഇതിൽ 2.53 ലക്ഷവും ചെലവഴിച്ചത് വിദേശത്തുനിന്ന് മൂന്ന് പ്രതിനിധികളെ കൊണ്ടുവരാനെന്ന് വിവരാവകാശരേഖ. ആഗസ്റ്റ് 17 മുതൽ 21വരെ നടന്ന സാഹിത്യോത്സവത്തിൽ പ്രമുഖ സാഹിത്യകാരന്മാരൊന്നും പങ്കെടുത്തിരുന്നില്ല.
ടി.പദ്മനാഭൻ, പ്രൊഫ.എം.ലീലാവതി, പ്രഭാവർമ്മ, സി.രാധാകൃഷ്ണൻ തുടങ്ങിയവരെ പങ്കെടുപ്പിച്ചില്ല. അവരെ ക്ഷണിച്ചെങ്കിലും അസൗകര്യമുണ്ടെന്ന് അറിയിച്ചെന്നാണ് അക്കാഡമി വിശദീകരണം. ഉദ്ഘാടനം ചെയ്യേണ്ട മുഖ്യമന്ത്രിയും അദ്ധ്യക്ഷത വഹിക്കേണ്ട സാംസ്‌കാരികമന്ത്രിയും പങ്കെടുത്തില്ല.
ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടവയാണ് സാഹിത്യോത്സവത്തിൽ അരങ്ങേറേണ്ടതെങ്കിലും ഉയർന്നത് കൂടുതലും രാഷ്ട്രീയ വിവാദങ്ങളായിരുന്നു. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ, ആരോപണവിധേയനായ സംസ്ഥാന ശിശുക്ഷേമ സമിതി മുൻ സെക്രട്ടറി ഷിജുഖാനെ പരിപാടിയിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ ആ സെഷൻ വേണ്ടെന്നു വച്ചിരുന്നു.
ആദ്യപതിപ്പിനെക്കാൾ ചെലവ് (രണ്ട് കോടിയോളം) കുറച്ചാണ് രണ്ടാംപതിപ്പ് നടത്തിയതെങ്കിലും
ആക്ഷേപങ്ങളും വിവാദങ്ങളും കുറഞ്ഞില്ല. ആദ്യപതിപ്പിൽ നിരവധി സാഹിത്യകാരന്മാർ പങ്കെടുത്തിരുന്നു.
'നടത്തിയത് അക്കാഡമി
ഗ്രാന്റിൽ നിന്ന്'
അക്കാഡമിക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നാണ് സാഹിത്യോത്സവം നടത്തിയതെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ. അത് ജീവനക്കാരുടെ ശമ്പളത്തെ അടക്കം ബാധിക്കും. അതിനാൽ, അടുത്ത സാഹിത്യോത്സവം നടക്കണമെങ്കിൽ കൂടുതൽ ധനസഹായം ലഭിക്കണം.