ബാലികയുടെ കൈ മുറിച്ചുമാറ്റൽ: രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
പാലക്കാട്: ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസം 24ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയുടെ കൈയ്ക്ക് ജില്ലാ ആശുപത്രിയിൽ നിന്നാണ് പ്ലാസ്റ്ററിട്ടത്. രക്തയോട്ടം നിലച്ച് നീരുവച്ച് പഴുത്ത സ്ഥിതിയിലായ കൈ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മുറിച്ചു മാറ്റിയത്. സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുകയും ഡി.എം.ഒ നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ശേഷമാണ് ഡോക്ടർമാർക്കെതിരെ നടപടി.
പ്ലാസ്റ്ററിട്ട് അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോഴാണ് കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലാണെന്ന് തിരിച്ചറിഞ്ഞത്. പ്ലാസ്റ്ററിട്ടതു കൊണ്ടുള്ള പ്രശ്നമല്ലെന്നും കൈയ്യിൽ വലിയ മുറിവുണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. 24, 25, 30 തീയതികളിലാണ് കുട്ടിയെ കൊണ്ടുവന്നത്. നീരുണ്ടെങ്കിൽ വരണമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോ. ജയശ്രീ പറഞ്ഞു. ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. സെപ്തംബർ 30ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. ഡി.എം.ഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്.
അതേസമയം, ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. സസ്‌പെൻഷൻ ഉത്തരവിൽ പറഞ്ഞിരിക്കുന്നത് പോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. സമഗ്രവും നി ഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാർത്ഥ്യം കണ്ടെത്താൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭത്തിന് നിർബന്ധിതമാകുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.