കുട്ടികളെ പരിഗണിച്ചാവണം സിനിമാ നയരൂപീകരണം സർക്കാരിന് ബാലാവകാശ കമ്മിഷന്റെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാ നയരൂപീകരണം കുട്ടികളെ പരിഗണിച്ചുള്ളതാവണമെന്ന് ബാലാവകാശ കമ്മിഷൻ സർക്കാരിന് കത്ത് നൽകി. വയലൻസ് ഉള്ളടക്കമുള്ള സിനിമകൾ കുട്ടികളെ തെറ്റായി സ്വാധീനിക്കുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷന്റെ ഇടപെടൽ. സിനിമയിലെ വയലൻസ് സ്വാഭാവിക ജീവിതത്തിന്റെ ഭാഗമാണെന്ന വികലമായ ചിന്ത കുട്ടികളിൽ ഉണ്ടാകുന്നതായി കമ്മിഷൻ വിലയിരുത്തുന്നു. വയലൻസ് നിറഞ്ഞ സിനിമകൾ, ഗെയിമുകൾ എന്നിവ ആസ്വദിക്കാൻ കൂടുതൽ താത്പര്യം കാണിക്കുന്ന കുട്ടികൾ ക്രമേണ ഇവയിലെ രംഗങ്ങൾ അനുകരിക്കുന്നു. കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവർ കണ്ട കാഴ്ചകളും കേട്ട വാർത്തകളുമാണ്. സിനിമകളും വെബ്സീരിസുമൊക്കെ കുട്ടികൾക്ക് ഏറെ താത്പര്യമുള്ള വിഷയങ്ങളാവുമ്പോൾ അതിന്റെ ഉള്ളടക്കവും അഭിനേതാക്കളുടെ പ്രകടനവും അവരെ വലിയതോതിൽ സ്വാധീനിക്കാറുള്ളതിനാൽ കമ്മിഷന്റെ ഇടപെടൽ പ്രസക്തമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വയലൻസുള്ള സിനിമകൾ തീയറ്ററുകളിൽ കാണുന്നതിൽനിന്നും കുട്ടികൾക്ക് വിലക്കുണ്ടെങ്കിലും കുടുംബമായി പോകുമ്പോൾ അവർ ഇവ കാണാനിടയാവുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം സിനിമകൾ സുലഭവുമാണ്. ഈ സാഹചര്യങ്ങളെല്ലാം കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയെയും വ്യക്തിത്വത്തെയും ഹാനികരമായി ബാധിക്കുന്നു എന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.
സ്കൂൾ വിദ്യാർത്ഥികളിലെ അക്രമവാസനയ്ക്കും ഒരു പരിധിവരെ സിനിമകൾ കാരണമാകുന്നുണ്ട്. സിനിമാ രംഗത്തുൾപ്പെടെയുള്ള എല്ലാ വിനോദ വിജ്ഞാന മാദ്ധ്യമങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയും ആത്മാഭിമാനവും സംരക്ഷിക്കേണ്ടതും ഉയർത്തിപ്പിക്കേണ്ടതുമാണെന്ന് കമ്മിഷൻ വ്യക്തമാക്കുന്നു.
കേരള ഫിലിം പോളിസിയിൽ ബാലവേല നിരോധനനിയമവുമായി ബന്ധപ്പെട്ട് പ്രസക്തമായ ഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.