'വെറും മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം ഓഫീസിൽ കയറ്റിയിറക്കിയതിന് നന്ദി'; നഗരസഭയിൽ ലഡു നൽകി പ്രതിഷേധം

Tuesday 07 October 2025 10:14 AM IST

കോട്ടയം: നഗരസഭയിൽ വ്യത്യസ്‌തമായ പ്രതിഷേധവുമായി റിട്ടയേർഡ് തദ്ദേശവകുപ്പ് ജീവനക്കാരൻ. ചിങ്ങവനം കരിമ്പിൽ സലിമോനാണ് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി വേറിട്ട പ്രതിഷേധവുമായെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം, 'ഒരു ലഡു എടുക്കൂ സർ. നിങ്ങൾ ചെയ്‌ത സേവനത്തിന്റെ സന്തോഷത്തിൽ കൊണ്ടുവന്നതാണ്', എന്ന സലിമോന്റെ വാക്കുകൾ കേട്ട് പലരും ലഡു എടുത്തു. എന്നാൽ, പിന്നീടാണ് ലഡു കൊടുത്തയാളുടെ നെഞ്ചിൽ പതിച്ചിരുന്ന പോസ്റ്റർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

'മൂന്ന് ദിവസംകൊണ്ട് ലഭിക്കേണ്ട സേവനം 73 ദിവസംകൊണ്ട് ചെയ്‌തുതന്ന കോട്ടയം മുനിസിപ്പാലിറ്റി സ്റ്റാഫിന് ലഡു വിതരണം ചെയ്യുന്നു. 73 ദിവസം ഓഫീസിൽ കയറ്റിയിറക്കിയതിന് നന്ദി', എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പലരും ലഡു തിരിച്ച് നൽകി. ചിലർ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു. അപേക്ഷ നൽകി ഒരാഴ്‌ചയ്‌ക്കുള്ളിൽ കിട്ടേണ്ടിയിരുന്ന തുക 73 ദിവസമായിട്ടും സലിമോന് ലഭിച്ചിരുന്നില്ല. തുടർന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്‌ടർക്ക് പരാതി നൽകി. ഇതോടെ പിറ്റേദിവസം തുക ലഭിച്ചു.

സലിമോന്റെ മകളുടെ വിവാഹത്തിന് ഫെബ്രുവരിയിൽ കോട്ടയം നഗരസഭാ ഹാൾ ബുക്ക് ചെയ്‌തു. ജൂലായ് 12നായിരുന്നു വിവാഹം. ബുക്ക് ചെയ്‌തപ്പോൾ നിക്ഷേപത്തുകയായി നൽകിയ 10,000 രൂപ തിരിച്ചുകിട്ടുന്നതിനായി 21ന് നഗരസഭയിൽ അപേക്ഷ നൽകി. പിന്നീട് അന്വേഷിച്ച് ചെന്നപ്പോഴെല്ലാം ഉദ്യോഗസ്ഥർ പല തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞുവെന്നാണ് സലിമോൻ പറയുന്നത്. ഒടുവിൽ ഗതികെട്ടാണ് അദ്ദേഹം പരാതി നൽകിയത്.