ലിഫ്‌റ്റ് തുറന്നതും സ്വീകരിച്ചത് പത്തിവിടർത്തിയ മൂർഖൻ, പിന്നെ കൂട്ടനിലവിളി; ഒടുവിൽ സംഭവിച്ചത്
താരതമ്യേന സുരക്ഷിതമായി കണക്കാക്കുന്ന സ്ഥലമാണ് ഫ്ളാറ്റുകൾ. ഇഴജന്തുക്കളടക്കമുള്ളവ ഫ്ളാറ്റിനുള്ളിലേക്ക് എത്താൻ വളരെ സാദ്ധ്യത കുറവാണെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ആ വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഉത്തർപ്രദേശിൽ നോയിഡയിലെ ഒരു ഫ്ളാറ്റിൽ നടന്നിരിക്കുന്നത്.
തങ്ങളുടെ ഫ്ളാറ്റുകളിലേക്ക് പോകാൻ ലിഫ്റ്റിന് മുന്നിൽ കാത്തിരിക്കുകയായിരുന്നു താമസക്കാർ. ലിഫ്റ്റ് തുറന്നപ്പോൾ തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു നടന്നത്. പത്തിവിടർത്തി നിൽക്കുന്ന ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെയായിരുന്നു താമസക്കാർ കണ്ടത്. കടിക്കാനായി അത് മുന്നോട്ട് വരുമോയെന്ന് ആളുകൾ ഭയന്നു. ഇതോടെ പരിഭ്രാന്തരായി നിലവിളിച്ചു. ഇതുകേട്ട് സഹായത്തിനായി ഉടൻ തന്നെ മെയിന്റനൻസ് ടീം സ്ഥലത്തെത്തി.
തങ്ങളുടെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മെയിന്റനൻസ് ടീം പാമ്പിനെ കുടുക്കി. പാമ്പിനെ വേദനിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല തുറസായ സ്ഥലത്ത് മൂർഖനെ തുറന്നുവിട്ടെന്നും മെയിന്റനൻസ് ടീം അറിയിച്ചു. താമസക്കാരും മെയിന്റനൻസ് ടീമിലുള്ളവരും തലനാരിഴയ്ക്കാണ് പാമ്പ് കടിയിൽ നിന്ന് രക്ഷപ്പെട്ടത്. എങ്കിലും പാമ്പ് ഇനിയും വന്നേക്കാമെന്നും ഫ്ളാറ്റിലേക്കോ ജിമ്മിലേക്കോ ഒക്കെ കയറിയേക്കാമെന്നും പലരും ഭയപ്പെടുന്നു.
മഴക്കാലത്തോ അതിനുശേഷമോ നഗരപ്രദേശങ്ങളിൽ പാമ്പുകളെ കാണുന്നത് ഇപ്പോൾ പതിവായിരിക്കയാണ്. വെള്ളപ്പൊക്കവും മറ്റും ഉണ്ടാകുമ്പോൾ അത് ഒലിച്ച് നഗരങ്ങളിക്ക് വരാൻ സാദ്ധ്യതയേറെയാണ്. മാത്രമല്ല എലിയെ കൂടുതലായി കാണുന്നയിടങ്ങളിലും പാമ്പ് എത്താൻ സാദ്ധ്യത കൂടുതലാണ്.