ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ സന്ദേശം കിട്ടി: സ്ഥിരീകരിച്ച് ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു

Tuesday 07 October 2025 10:35 AM IST

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്ന് എൻ വാസു സ്ഥിരീകരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇ-മെയിൽ സംബന്ധിച്ച് കോടതി ഉത്തരവിൽ വിശദാംശങ്ങൾ വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൂശിയതിന്റെ ബാക്കി സ്വർണ്ണം ഏതെങ്കിലും പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാമെന്ന് അറിയിച്ചുള്ള ഇ-മെയിൽ കിട്ടിയിരുന്നെന്നും തിരുവാഭരണം കമ്മീഷണർക്ക് അത് ഫോർവേഡ് ചെയ്തത് സ്വാഭാവിക നടപടിയാണെന്നുമായിരുന്നു എൻ വാസു പറഞ്ഞത്. ശബരിമലയിൽ സ്വർണ്ണം ചെമ്പായത് വിശദീകരിക്കേണ്ടത് താൻ അല്ലെന്നും ക്രമക്കേടിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണപ്പാളികൾ കൊണ്ടുപോയതും തിരികെ എത്തിച്ചതും താൻ അധികാരത്തിൽ ഇരുന്ന കാലത്ത് അല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് പരിചയം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, നിർണ്ണായകമായ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിൽ 2019 ൽ ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥർക്കെതിരായ നടപടി ഉണ്ടാകും എന്നാണ് അറിയുന്നത്. സസ്പെൻഷൻ നടപടികളിലേക്ക് കടക്കാനാണ് സാദ്ധ്യത. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവരുടെ വീഴ്ചകൾ യോഗത്തിൽ ചർച്ചയാകും. 2019 ൽ ദേവസ്വം ബോർഡിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്മാർക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം പ്രസിഡന്റ് , ദേവസ്വം മന്ത്രി തുടങ്ങിയവർ സമ്മതിച്ചിരുന്നു. മഹസറിൽ ഉൾപ്പടെ അട്ടിമറികൾ ബോധ്യപ്പെട്ട സാഹചര്യത്തിൽ സ്വർണ്ണത്തിന് പകരം ചെമ്പ് പാളി എന്നെഴുതിയ രേഖയിൽ ഒപ്പിട്ടത്, ഒരു പരിശോധനയുമില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ ഇളക്കികൊടുത്തുവിട്ടത്, അത് സ്വന്തം ഇഷ്ടത്തിന് കൈകാര്യം ചെയ്യാൻ അനുമതി നൽകിയത്, സ്വർണ്ണപ്പാളികൾ തിരികെ എത്തിച്ചപ്പോൾ അതിന്റെ കൃത്യമായ തൂക്കം അളന്ന് തിട്ടപ്പെടുത്താത്തത് തുടങ്ങി നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കലാകും യോഗത്തിന്റെ പ്രധാന അജണ്ട എന്നാണ് അറിയുന്നത്.